വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയ്ക്കുണ്ടായ വന്‍ വിജയത്തില്‍ അമിതആത്മവിശ്വാസത്തിലാണ് കേരളമടക്കമുള്ള രാജ്യത്തെ ബിജെപി നേതാക്കളെല്ലാവരും. ഇപ്പോഴിതാ, കേരളത്തില്‍ താമര വിരിയുന്ന കാലം വിദൂരമല്ലെന്ന അവകാശവാദവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തിയിരിക്കുന്നു. കന്യാകുമാരി മുതല്‍ കാഷ്്മീര്‍ വരെ താമസിയാതെ ബിജെപി അധികാരത്തിലെത്തുമെന്നും യോഗി അവകാശപ്പെട്ടു.
ത്രിപുര ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവിധ കഴിവുകളുടെ ഫലമാണെന്നും യോഗി അവകാശപ്പെട്ടു.
തെരഞ്ഞെടുപ്പു വിജയത്തെക്കുറിച്ച് പ്രതികരിക്കാന്‍ ലക്‌നൗവിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു യോഗിയുടെ പരാമര്‍ശം. രാജ്യത്തെ ജനങ്ങളുടെ വികസനോന്മുഖ സ്വപ്നങ്ങളുടെ പൂര്‍ത്തീകരണത്തിന് ബിജെപിയുടെ ചരിത്രവിജയം കാരണമാകുമെന്നും യോഗി അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യം നേടിയശേഷം ആദ്യമായി ദേശീയതലത്തില്‍ മുഖ്യധാരയിലേക്കു വരാനും വികസനത്തിന്റെ ഫലങ്ങള്‍ സ്വന്തമാക്കാനുമുള്ള അവസരം ത്രിപുര ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു ലഭിച്ചിരിക്കുകയാണെന്നും യോഗി ചൂണ്ടിക്കാട്ടി.
നരേന്ദ്രമോദി അമിത് ഷാ കൂട്ടുകെട്ടിനു കീഴില്‍ കേരളം, കര്‍ണാടക, ബംഗാള്‍, ഒഡിഷ എന്നിവിടങ്ങളിലും സമീപഭാവിയില്‍ത്തന്നെ താമര വിരിയുമെന്ന് യോഗി അവകാശപ്പെട്ടു. അങ്ങനെ കാഷ്മീര്‍ മുതല്‍ കന്യാകുമാരി വരെ ബിജെപി അധികാരത്തിലിരിക്കുന്ന കാലവും വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായ ശേഷം പാര്‍ട്ടിക്കേറ്റ അഞ്ചാമത്തെ പരാജയമാണിപ്പോഴത്തേതെന്നും യോഗി പരിഹസിച്ചു.