ന്യൂഡൽഹി: വർഗീയവിഷം ചീറ്റുന്നതിൽ എപ്പോഴും മുൻപന്തിയിലുണ്ടായിരുന്ന യോഗി ആദിത്യനാഥിൽ നിന്ന് വിവാദം ഒരിക്കലും ഒഴിഞ്ഞുമാറിയിട്ടില്ല.സംസാരവും പ്രവൃത്തിയും എപ്പോഴും പുതിയ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു.
അവയിൽ ചിലത് ചുവടെ
* വിശുദ്ധ മദർ തെരേസ ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നത് മതപരിവർത്തനത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്ന ആരോപണം ഏറെ വിവാദങ്ങൾക്കു വഴി തെളിച്ചു.
* 2005ൽ ക്രൈസ്തവരെ ഹിന്ദുമതത്തിലേക്കു പരിവർത്തനം ചെയ്യുന്നതിനുള്ള ശുദ്ധീകരണ പരിപാടിക്കു നേതൃത്വം നൽകി.
* ബാബറി മസ്ജിദ് തകർക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതു പണിയാനും തങ്ങൾക്കു കഴിയും
* മുസ്ലിംകളെ വിലക്കിയ അമേരിക്കൻ നടപടി ഇന്ത്യയും കൈക്കൊള്ളണം.
* ഏഴു വിദേശ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിംകൾക്കു വിലക്കേർപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രശംസിച്ചു.
* ദാദ്രിയിലെ ബീഫ് വിഷയത്തിൽ ജനക്കൂട്ടം അടിച്ചു കൊന്ന മുഹമ്മദ് അഖ്ലാക്കിന്റെ കുടുംബത്തിനെതിരേ ഗോവധത്തിനു കേസെടുക്കണമെന്നാവശ്യപ്പെട്ടു.
* ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ ഭീകരവാദിയാണെന്നും ഷാരൂഖും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയിദും ഒരു പോലെയാണെന്നും നിരീക്ഷണം.
* പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്നും ഭഗവദ് ഗീത ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്നും പാർലമെന്റിൽ ആവശ്യപ്പെട്ടു.
* യോഗയെ എതിർക്കുന്നവർ ഇന്ത്യ വിട്ടു പോകണമെന്നാവശ്യപ്പെട്ടു.
* കലാപം, കൊലപാതകശ്രമം, മാരകായുധം കൈവശംവയ്ക്കൽ നിയമവിരുദ്ധ സംഘം ചേരൽ, കടന്നു കയറൽ, തീ വയ്പ് തുടങ്ങി നിരവധി ക്രിമനൽ കേസുകളും വിവാദ യോഗിയുടെ പേരിലുണ്ട്.
ന്യൂനപക്ഷവിരുദ്ധതയുടെ പ്രചാരകൻ
ന്യൂഡൽഹി: കടുത്ത വർഗീയവാദിയായ യോഗി ആദിത്യനാഥ്, അമേരിക്കയിൽ ട്രംപ് മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തിയതു പോലെ ഇന്ത്യയിലും മുസ്ലിംകളെ വിലക്കണമെന്ന ആവശ്യവും ഉയർത്തിയിരുന്നു.
ഭീകരപ്രവർത്തനങ്ങളെ നേരിടാൻ ഇന്ത്യയും ഇത്തരത്തിലുള്ള കടുത്ത തീരുമാനങ്ങളെടുക്കണമെന്നാണ് ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വർഗീയ വിദ്വേഷത്തിനു കുപ്രസിദ്ധി നേടിയ യോഗി പറഞ്ഞത്. 2005ൽമുസ്ലിംകളെയും ക്രൈസ്തവരെയും ഹിന്ദുമതത്തിലേക്കു പരിവർത്തനം ചെയ്യുന്നതിനുള്ള ഘർവാപസിക്കു നേതൃത്വം നൽകി.
2007ൽ ഉത്തർപ്രദേശിൽ നടന്ന വർഗീയ കലാപങ്ങളിലും യോഗി ആദിത്യ നാഥിനു പങ്കുണ്ടായിരുന്നു. യുപിയിൽ യോഗി ആദിത്യ നാഥിനെ രാജാവായും മോദിയെ ചാണക്യനായും ചിത്രീകരിച്ച് തെരഞ്ഞെടുപ്പിനു മുന്പു പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
യുപിയിലെ ഗോരഖ്പുരിൽ മോദിയുടെ റാലി നടക്കുന്നതിന് ഒരു ദിവസം മുന്പാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. യോഗി ആദിത്യനാഥ് സിംഹാസനത്തിൽ ഇരിക്കുന്നതായി ചിത്രീകരിക്കുന്ന പോസ്റ്റർ പുറത്തിറക്കിയത് ബിജെപിയുടെ ന്യൂനപക്ഷ വിഭാഗമായിരുന്നു. ദേശ് മേ മോദി, പ്രദേശ് മേ യോഗി എന്നാണ് പോസ്റ്ററിൽ കുറിച്ചിരുന്നത്.
യോഗിയുടെ നേതൃത്വത്തിലുള്ള ഹിന്ദു യുവവാഹിനി കിഴക്കൻ ഉത്തർപ്രദേശിലെ ആറു ജില്ലകളിൽ ബദൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപിയെ വെല്ലുവിളിച്ചിരുന്നു.