പത്തനംതിട്ട: ശബരിമല യുവതി പ്രവേശനത്തിനെതിരേ അയോധ്യ മാതൃകയിൽ പ്രക്ഷോഭം ഉയർന്നു വരണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പത്തനംതിട്ടയിലെ ബിജെപിയുടെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോധ്യപോലെ ശബരിമലയും തങ്ങൾക്ക് പ്രധാനമാണ്. എപ്രകാരമാണോ രാമജന്മഭൂമിക്കായി തങ്ങളുടെ പ്രവർത്തകർ പോരാടിയത് അതുപോലെ ഇവിടെയും പോരാടുമെന്നും യോഗി കൂട്ടിച്ചേർത്തു. ശബരിമല വിധി വിശ്വാസികൾക്ക് എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല ക്ഷേത്രം സന്ദർശിക്കാൻ തനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ കുംഭമേളയുടെ തിരക്കുമൂലം ഇതിനു സാധിച്ചില്ലെന്നും യോഗി കൂട്ടിച്ചേർത്തു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ ബിജെപിയുടെ പ്രചാരണ പരിപാടിയ്ക്ക് തുടക്കമിടാനാണ് യോഗിയുടെ വരവ്.