നിയാസ് മുസ്തഫ
വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സർക്കാരിന് തുടർഭരണം ലഭിക്കുമെന്ന് ഏറ്റവും പുതിയ സർവേയിലും കണ്ടെത്തിയതോടെ ബിജെപി കേന്ദ്രങ്ങൾ ആഹ്ലാദത്തിൽ.
2017ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സമാജ്വാദി പാർട്ടി വലിയൊരു മുന്നേറ്റം സംസ്ഥാനത്ത് ഉണ്ടാക്കുമെന്നും സർവേ പറയുന്നുണ്ട്. അതേസമയം, ബിഎസ്പി, കോണ്‍ഗ്രസ് പാർട്ടികൾക്ക് കാര്യമായ പുരോഗതി തെരഞ്ഞെടുപ്പിൽ ഉണ്ടാവില്ലായെന്നാണ് കണ്ടെത്തൽ.
2020 ഡിസംബർ 16മുതൽ 30വരെ പ്രമുഖ മാധ്യമസ്ഥാപനം ടൈംസ് നൗ നടത്തിയ അഭിപ്രായ സർവേയിലാണ് ഈ വിവരം.
403അംഗ നിയമസഭയിൽ ബിജെപിക്ക് 230നും 249നും സീറ്റുകൾ ലഭിക്കും. സമാജ്വാദി പാർട്ടിക്ക് 137 മുതൽ 152 സീറ്റ് വരെ ലഭിക്കും.
ബിഎസ്പിക്ക് ഒന്‍പതു മുതൽ 14 സീറ്റ് വരെ ലഭിക്കാം. കോണ്‍ഗ്രസിന് നാലു മുതൽ ഏഴു വരെ സീറ്റും.2017ൽ ബിജെപി സഖ്യത്തിന് 325, സമാജ്വാദി പാർട്ടിക്ക് 48, ബിഎസ്പിക്ക് 19, കോണ്‍ഗ്രസിന് ഏഴ് എന്നിങ്ങനെ ആയിരുന്നു കക്ഷിനില.
പുറത്തുവരുന്ന സർവേകളിൽ ഭൂരിഭാഗവും ബിജെപിക്ക് അനുകൂലമാണ്. അതുകൊണ്ടുതന്നെ കുറച്ചുകൂടി ആത്മവിശ്വാസത്തിലുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലേക്ക് ബിജെപി കടന്നു.
പ്രകടന പത്രിക
ജനങ്ങളുമായി ആശയവിനിമയം നടത്തിയശേഷം പ്രകടനപത്രിക പുറത്തിറക്കാനുള്ള പ്രവർത്തനം ബിജെപി നേതൃത്വം തുടങ്ങി.
എംപിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ള പാർട്ടിയുടെ ജനപ്രതിനിധികൾ ഇതിനായി പൊതുജനങ്ങളിൽനിന്ന് നിർദേശം സ്വീകരിക്കുമെന്ന് ബിജെപി നേതാവ് അഭയ് സിംഗ് വ്യക്തമാക്കി.
ഇന്നു മുതൽ ജനങ്ങളുമായി ഇതുസംബന്ധിച്ച ആശയവിനിമയം ആരംഭിച്ചു. പാർട്ടിയുടെ ‘ഘോഷ്ന പത്ര നിർമാണ് സമിതി’ അംഗങ്ങൾ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ജനങ്ങളുമായും നേതാക്കളുമായും നിർദേശങ്ങൾ സ്വീകരിക്കും.
ഇന്ന് രാജ്യസഭാ എംപി സീമ ദ്വിവേദി അലഹബാദിലെ തൊഴിലാളികൾ, അക്കാദമിക് വിദഗ്ധർ, അഭിഭാഷകർ എന്നിവരുമായി സംവദിക്കും. ആഗ്രയിലെ ടൂറിസം മേഖലയിലെയും പാദരക്ഷ വ്യവസായത്തിലെയും തൊഴിലാളികളുടെയും ജനങ്ങളുടെയും നിർദേശങ്ങൾ സംസ്ഥാന മന്ത്രി അതുൽ ഗാർഗ് തേടും.
നാളെ പുഷ്കർ മിശ്ര വ്യവസായികളിൽ നിന്നും സിനിമാ വ്യവസായത്തിൽ നിന്നും വ്യാപാരികളിൽ നിന്നും നിർദ്ദേശങ്ങൾ തേടും. എംപി രാജേഷ് വർമ്മ സഹരൻപൂരിൽ വുഡ്ക്രാഫ്റ്റ് തൊഴിലാളികളുമായി സംവദിക്കും. രാജ്യസഭാ എംപി വിജയ്പാൽ തോമർ കർഷകരുമായും വ്യവസായികളുമായും ചർച്ച നടത്തും.
ജനുവരി ഏഴുവരെയാണ് പ്രകടനപത്രികയ്ക്കായി ആശയവിനിമയ പരിപാടി.രാജ്യസഭാ എംപി ബ്രിജ്ലാൽ, യുപി ധനമന്ത്രി സുരേഷ് ഖന്ന, സംസ്ഥാന ബിജെപി വൈസ് പ്രസിഡന്റും എംഎൽസിയുമായ അരവിന്ദ് കുമാർ ശർമ, എംപിമാരായ കാന്ത കർദം, റീത്ത ബഹുഗുണ ജോഷി എന്നിവരും സമാനമായ പരിപാടികൾ നടത്തും.
പാർട്ടിയുടെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തുന്നതിനായി നിർദേശങ്ങൾ സ്വീകരിക്കുന്നതിനായി ഡിസംബർ 15ന് ബിജെപി ഒരു പ്രചാരണം ആരംഭിച്ചിരുന്നു. ഇതിനായി സംസ്ഥാനത്ത് 30,000 സ്ഥലങ്ങളിൽ പ്രത്യേകം പെട്ടികളും സ്ഥാപിച്ചിരുന്നു.