സംസ്ഥാനത്തുടനീളമുള്ള ആരാധനാലയങ്ങളില് നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള ഉച്ചഭാഷിണികള് നീക്കം ചെയ്യാന് ഉത്തര്പ്രദേശ് സര്ക്കാര്. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കുകയും ചെയ്തു.
ഇതിനൊപ്പം അനുവദിച്ചിട്ടുള്ള ശബ്ദപരിധി ലംഘിക്കുന്ന ഉച്ചഭാഷിണികളും നീക്കം ചെയ്യുമെന്നും സര്ക്കാര് വൃത്തങ്ങള് അറിയിച്ചു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് ആഭ്യന്തര വകുപ്പിന്റെയും ചുമതല വഹിക്കുന്നത്.
ഇത്തരത്തിലുള്ള എല്ലാ ഉച്ചഭാഷിണികള് സ്ഥാപിച്ചിരിക്കുന്ന ആരാധനാലയങ്ങളുടെയും കണക്ക് ഈ മാസം 30 നകം തന്നെ ആഭ്യന്തര വകുപ്പിനെ അറിയിക്കാന് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകള്ക്കും നിര്ദേശം നല്കിയിട്ടുണ്ട്.
ഓരോ ജില്ലകളിലെയും ഡിവിഷണല് കമ്മീഷണര്മാരാണ് റിപ്പോര്ട്ട് സമര്പ്പിക്കേണ്ടത്. മതനേതാക്കളുമായി ചര്ച്ച നടത്തിയ ശേഷമാകും ഉച്ചഭാഷിണികള് നീക്കം ചെയ്യുക.
സര്ക്കാര് അനുവാദത്തോടെ മാത്രമേ ആരാധനാലയങ്ങളില് ഉച്ചഭാഷിണി ഉപയോഗിക്കാന് പാടുള്ളു എന്നും, നിര്ദേശിച്ചിരിക്കുന്ന പരിധിക്കപ്പുറമുള്ള ശബ്ദം പാടില്ലെന്നും കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു.
ഈ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. ഉച്ചഭാഷിണികള്ക്കായി പുതിയ പെര്മിറ്റ് അനുവദിക്കില്ലെന്നും യോഗി പറഞ്ഞിരുന്നു. യോഗിയുടെ ഈ പ്രഖ്യാപനത്തിന് സോഷ്യല് മീഡിയയില് നിറഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്.