ഉത്തര്‍പ്രദേശില്‍ മദ്രസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയതിനു ശേഷം മദ്രസകള്‍ക്കുള്ള ഗ്രാന്റ് വെട്ടിക്കുറിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പുതിയ പരിഷ്കാരം.
പുതിയ മദ്രസകളെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാന്റില്‍നിന്ന് ഒഴിവാക്കിയത്. ഇതുമായി ബന്ധപ്പെട്ട ശിപാര്‍ശയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ശിപാര്‍ശ അംഗീകരിച്ചത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കഴിഞ്ഞ വാര്‍ഷിക ബജറ്റില്‍ മദ്രസ നവീകരണത്തിനായി 479 കോടി രൂപയാണ് വകയിരുത്തിയത്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം 16,461 മദ്രസകളാണ് സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നത്.
ഇതില്‍ നിലവില്‍ 560 മദ്രസകള്‍ക്കാണ് സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്നത്. സംസ്ഥാനത്തുടനീളം 20 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് മദ്രസകളില്‍ പഠിക്കുന്നത്.
സംസ്ഥാനത്തെ മദ്രസകളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മുമ്പ് ഉത്തരവിട്ടിരുന്നു.
ഇതിനു തൊട്ടുപിന്നാലെയാണ് പുതിയ മദ്രസകള്‍ക്ക് ഗ്രാന്റ് അനുവദിക്കേണ്ടതില്ലെന്ന തീരുമാനവും നടപ്പാക്കുന്നത്.
ഉത്തര്‍പ്രദേശിലെ ന്യൂനപക്ഷ മന്ത്രി ഡാനിഷ് ആസാദ് അന്‍സാരിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
മദ്രസ വിദ്യാര്‍ഥികളില്‍ രാജ്യസ്നേഹം വളര്‍ത്തുന്നതിനാണ് നടപടിയെന്നായിരുന്നു അന്‍സാരിയുടെ വിശദീകരണം.
മദ്രസ വിദ്യാഭ്യാസം ന്യൂനപക്ഷങ്ങള്‍ക്ക് അവഗണിക്കാനാകാത്തതാണെന്നു ചൂണ്ടിക്കാട്ടിയ മന്ത്രി, അതിനു മുന്നോടിയായി ദേശീയ ഗാനം ആലപിക്കുന്നതിലൂടെ വിദ്യാര്‍ഥികള്‍ക്ക് സാമൂഹിക മൂല്യങ്ങളെക്കുറിച്ചും അവബോധമുണ്ടാകുമെന്ന് അഭിപ്രായപ്പെട്ടു.