യുപിയില്‍ വീണ്ടും കാവിനിറം നിറയുന്നു! സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പിന്നാലെ ഇത്തവണ കാവി പൂശിയത് ടോള്‍ പ്ലാസയ്ക്ക്; മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിവാദങ്ങളും വിമര്‍ശനങ്ങളും കനക്കുന്നു

യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തില്‍ ബി.ജെ.പി ഭരണം നിലനില്‍ക്കുന്ന ഉത്തര്‍പ്രദേശില്‍ കാവിപെയിന്റടി തുടരുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പിന്നാലെ ഇത്തവണ ടോള്‍ പ്ലാസയ്ക്ക് മേലാണ് കാവി പൂശിയിരിക്കുന്നത്.

മുസാഫിര്‍ നഗറിലെ ഷഹറാന്‍പൂര്‍ ഹൈവേയിലെ ടോള്‍ പ്ലാസയ്ക്കാണ് ഇപ്പോള്‍ കാവിനിറം പൂശിയിരിക്കുന്നത്. എന്നാല്‍ ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് പ്രദേശത്ത് പ്രതിപക്ഷ ബഹളം രൂക്ഷമാണ്.

യുപിയില്‍ നേരത്തേ സെക്രട്ടറിയേറ്റ് മന്ദിരത്തിനും പോലീസ് സ്റ്റേഷനുകള്‍ക്കും ഡിവൈഡറുകള്‍ക്കും പ്രതിമകള്‍ക്കും കാവിനിറം പൂശിയത് വിവാദമായിരുന്നു. അതോടൊപ്പം ലക്നൗവിലെ ഹജ്ജ് കമ്മിറ്റി ഓഫീസിന്റെ മതിലിലും ഗോമതി നഗര്‍ പോലീസ് സ്റ്റേഷനും കാവി നിറം നല്‍കിയ യോഗി ആദിത്യനാഥിന്റെ നടപടിയ്ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. അതിനിടെയാണ് ഇപ്പോള്‍ ടോള്‍ പ്ലാസയിലും കാവി നിറം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതും വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്.

Related posts