ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകത്തിലുള്പ്പെടെയുണ്ടായ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കര്‍ണാടക നിയമസഭാതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് മാറ്റി നിര്‍ത്തിയേക്കുമെന്നു സൂചന.
കര്‍ണാടക നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ താരപ്രചാരകനായി ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നതു യോഗിയെയാണ്. ഇതിനോടകം ബംഗളൂരുവിലും മംഗളൂരുവിലും നാല് റാലികളില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു.
വരുംദിവസങ്ങളിലും അദ്ദേഹത്തെ പങ്കെടുപ്പിച്ച് റാലികളും റോഡ് ഷോകളും നടത്താന്‍ ബിജെപി തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ലോക്സഭാ ഉപതെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെത്തുടര്‍ന്ന് ബിജെപി നേതൃത്വം ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.
യോഗിയുടെ സ്വന്തം തട്ടകത്തിലെ തോല്‍വി കോണ്‍ഗ്രസ് പ്രചാരണായുധമാക്കുന്നതും ബിജെപിയെ വിഷമിപ്പിക്കുന്നു. യോഗി ആദിത്യനാഥ് സംസ്ഥാനത്ത് എത്തുമ്പോഴൊക്കെ ട്വിറ്ററില്‍ വിമര്‍ശനവുമായി രംഗത്തുവരാറുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യ ഉപതെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ യോഗിക്കെതിരേ വീണ്ടും രംഗത്തുവന്നു.
കര്‍ണാടകയില്‍ വന്ന് ഉപദേശംനല്‍കുന്ന സമയം കുറയ്ക്കുകയും സ്വന്തം സംസ്ഥാനത്ത് കൂടുതല്‍ സമയം ചെലവഴിക്കാന്‍ തയാറാവുകയും ചെയ്യണമെന്നാണ് യോഗി ആദിത്യനാഥിനോട് സിദ്ധരാമയ്യ ഉപദേശിച്ചത്.
ബിജെപിയുടെ താരപ്രചാരകനു പെട്ടെന്നൊരു സുപ്രഭാതത്തില്‍ താരമൂല്യം ഇടിഞ്ഞിരിക്കുകയാണെന്നായിരുന്നു കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയുടെ പ്രതികരണം. യോഗിയുടെ പിന്നാലെ പോകാതെ സ്വന്തം കാലില്‍ നില്ക്കാന് യെദിയൂരപ്പയെ ഉപദേശിച്ചു കോണ്‍ഗ്രസ് നേതൃത്വം ഇന്നലെ രംഗത്തെത്തുകയും ചെയ്തു.
യോഗി ആദിത്യനാഥിന്റെ കാല്ക്കല് വീണു പ്രണമിക്കുന്ന യെദിയൂരപ്പയുടെ ചിത്രംകൂടി ട്വീറ്റ് ചെയ്താണു യെദിയൂരപ്പയ്ക്ക് കോണ്‍ഗ്രസിന്റെ ഉപദേശം. ഇനിയെങ്കിലും സ്വന്തം അഭിമാനം നോക്കണമെന്നും സ്വന്തം സീറ്റില്‍പ്പോലും ജയിക്കാന്‍ കഴിയാത്ത പുറത്തുള്ള ഒരാള്‍ക്കു മുന്നില്‍ പ്രണമിക്കുന്നത് അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.