ന്യൂഡൽഹി: “ഇന്ത്യൻ സേനയെ മോദിയുടെ സേന എന്ന് ആരു വിളിച്ചാലും അയാൾ രാജ്യദ്രോഹിയാണെ’ന്നു താൻ ബിബിസി അഭിമുഖത്തിൽ പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.കെ. സിംഗ്. ഇങ്ങനെ പറഞ്ഞതായി ബിബിസി വെളിപ്പെടുത്തിയതിനെ തുടർന്നാണ് സിംഗിന്റെ വിശദീകരണം. അഭിമുഖം പൂർണമായി ബിബിസി ട്വിറ്ററിലൂടെ നൽകിയിട്ടുണ്ട്. ബിബിസി റിപ്പോർട്ടർ മറ്റെവിടെ നിന്നോ പകർത്തി ചേർത്തതാണെന്നും അതിനെത്ര പണം കിട്ടിയെന്നും സിങ് ട്വിറ്ററിലൂടെ പ്രതികരിച്ചു.
ഇതിനിടെ, സിംഗ് പറഞ്ഞതാണ് ശരിയെന്ന് കോണ്ഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ ചൂണ്ടിക്കാട്ടി. ഇന്ത്യൻ സേനയെ ഒരു വ്യക്തിയുടെ സേന എന്നു പറയുന്നവരാണ് രാജ്യദ്രോഹികൾ. ഇത്തരം ആൾക്കാർക്കെതിരെ ബിജെപി നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് മോദിയുടെ സേന എന്ന പദപ്രയോഗം ആദ്യം നടത്തിയത്. ഇതേപ്പറ്റി ചോദിച്ചപ്പോഴാണ് സേന രാജ്യത്തിനന്റേതാണെന്നും വ്യക്തിയുടേതല്ലെന്നും സിംഗ് വിശദീകരിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന താക്കീത്
ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന താക്കീത്. വ്യോമസേനയെ മോദിസേനയാക്കിയതിലാണ് കമ്മീഷൻ നടപടി താക്കീതിൽ ഒതുക്കിയത്. പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിരുന്നു.
ഗാസിയാബാദിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു യോഗിയുടെ വിവാദ പരാമർശം. കോണ്ഗ്രസുകാർ ഭീകരർക്കു ബിരിയാണി വിളന്പുന്പോൾ, മോദിയുടെ സൈന്യം ഭീകരർക്കു ബുള്ളറ്റുകളും ബോംബുകളും നൽകിയെന്ന് യോഗി പ്രസംഗിച്ചു. മസൂദ് അസർ പോലുള്ള ഭീകരരെ കോണ്ഗ്രസ് ജി എന്ന് അഭിസംബോധന ചെയ്തു ബഹുമാനിക്കുന്പോൾ, മോദിയുടെ ബിജെപി സർക്കാർ ക്യാന്പ് ആക്രമിച്ച് ഭീകരരുടെ നടുവൊടിച്ചെന്നും യോഗി പറഞ്ഞു.
വ്യോമസേന പാക്കിസ്ഥാനിലെ ബലാക്കോട്ടിൽ നടത്തിയ ആക്രമണത്തെ പരാമർശിച്ചായിരുന്നു യോഗിയുടെ ന്ധമോദിജിയുടെ സൈന്യം’ പരാമർശം. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൻറെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി നിരീക്ഷകർ രംഗത്തെത്തിയിരുന്നു