ലക്നോ: സംസ്ഥാനം കോവിഡിനെ ധീരമായി പ്രതിരോധിക്കുന്നുവെന്ന് യോഗി ആദിത്യനാഥ് സർക്കാർ അവകാശപ്പെടുന്പോഴും മുഖ്യമന്ത്രിക്കെതിരേ വിരൽചൂണ്ടി യുപിയിലെ ബിജെപി നേതാക്കൾ.
കാര്യങ്ങൾ അത്ര പന്തിയല്ല എന്ന നിലയിലാണ് അവിടെനിന്നു പുറത്തുവരുന്ന വാർത്തകൾ. ഞായറാഴ്ച സംസ്ഥാനത്ത് 23,333 പുതിയ കോവിഡ് കേസുകളാണ് ഒൗദ്യോഗികമായി റിപ്പോർട്ട് ചെയ്തത്. 296 മരണങ്ങളും സ്ഥിരീകരിച്ചു.
എന്നാൽ ബക്സറിൽ ഗംഗാനദിയിലൂടെ ഒഴുകിവന്ന 45 മൃതദേഹങ്ങൾ ഈ കണക്കിൽപ്പെട്ടോയെന്നു വ്യക്തമല്ല. സംസ്ഥാനത്തെ എംപിമാരും എംഎൽഎമാരും ഓക്സിജൻ, ആശുപത്രി കിടക്കകൾ എന്നിവയുടെ ക്ഷാമത്തെക്കുറിച്ചു മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടു പരാതി പറഞ്ഞിരുന്നു.
ആവശ്യമായ ചികിത്സ ലഭിക്കാതെ രോഗികൾ മരിക്കുന്നുവെന്നായിരുന്നു പരാതി. എന്നാൽ സംസ്ഥാനത്ത് ഓക്സിജന് യാതൊരു ക്ഷാമവുമില്ലെന്നായിരുന്നു യോഗിയുടെ നിലപാട്.
പരാതിയുമായി കത്തയച്ച ബറേലി എംഎൽഎ കേസർസിംഗിനും വൈകാതെ കോവിഡ് ബാധിച്ചു. അതേസമയം ഉൾനാടൻ ഗ്രാമങ്ങളിൽ വീടുവീടാന്തരം കയറിയിറങ്ങി രോഗികളെ കണ്ടെത്തുന്ന സർക്കാരിന്റെ ശ്രമങ്ങളെ ലോകാരോഗ്യ സംഘടന പ്രകീർത്തിച്ചിരുന്നു.