പത്തനംതിട്ട: കാൽലക്ഷത്തോളം ആളുകളെ പ്രതീക്ഷിച്ചു പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ബിജെപി നടത്തിയ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ സമ്മേളനത്തിൽ പ്രവർത്തകരുടെ എണ്ണത്തിൽ കുറവുണ്ടായത് ജില്ലാ കമ്മിറ്റിയെ വെട്ടിലാക്കി.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പങ്കെടുപ്പിച്ച് ഇന്നലെ വൈകുന്നേരമായിരുന്നു സമ്മേളനം. പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ ഏഴ് അസംബ്ലി മണ്ഡലങ്ങളിലെ വോട്ടർപട്ടികയുടെ ഓരോ പേജിനും ഓരോ ചുമതലക്കാരെ നല്കി അവരെ പങ്കെടുപ്പിച്ചാണ് സമ്മേളനം നടത്തിയത്.
ദേശീയ അടിസ്ഥാനത്തിൽ ബിജെപി നടത്തുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി കേരളത്തിൽ ആദ്യമായി നടത്തിയ പേജ് പ്രമുഖൻമാരുടെ സമ്മേളനമായിരുന്നു ഇത്. 25000 പേരെയാണ് സമ്മേളനത്തിൽ പ്രതീക്ഷിച്ചിരുന്നത്.
നേരത്തെ തെക്കൻ ജില്ലകളിലെ തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട പാർലമെന്റ് മണ്ഡലങ്ങളിലെ ക്ലസ്റ്ററുകളുടെ ശക്തികേന്ദ്ര ഇൻചാർജുമാരുടെ യോഗത്തിലും യോഗി ആദിത്യനാഥ് പങ്കെടുത്തിരുന്നു. ഇത്തരമൊരു സമ്മേളനവും സംസ്ഥാനത്ത് ആദ്യമായിരുന്നു. പത്തനംതിട്ട ലോക്സഭ മണ്ഡലത്തിനു പ്രത്യേക ശ്രദ്ധ നൽകിയാണ് യോഗി ആദിത്യനാഥിനെ പങ്കെടുപ്പിച്ച് യോഗങ്ങൾ നടത്തിയത്.