കോൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതിനു പിന്നാലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റാലിക്കും അനുമതി റദ്ദാക്കി. സൗത്ത് കോൽക്കത്തയിലെ റാലിക്ക് നൽകിയ അനുമതിയാണ് റദ്ദാക്കിയതെന്ന് ബിജെപി ദേശീയ സെക്രട്ടറി സുനിൽ ദിയോധർ പറഞ്ഞു.
പശ്ചിമ ബംഗാളിൽ ജനാധിപത്യം എന്നത് ഒരു തമാശയാണെന്നും അദ്ദേഹം പറഞ്ഞു. ജാദവ്പുരിൽ അവസാന നിമിഷമാണ് അമിത് ഷായുടെ റാലിക്ക് അനുമതി നിഷേധിച്ചത്. ഇപ്പോൾ യോഗിയുടെ റാലിക്കും അനുമതി നിഷേധിച്ചു. തൃണമൂൽ കോണ്ഗ്രസ് ഏജന്റുമാരെ പോലെയാണ് ഇവിടെ പ്രാദേശിക ഭരണകൂടം പ്രവർത്തിക്കുന്നതെന്നും ദിയോധർ കുറ്റപ്പെടുത്തി.
19ന് നടക്കുന്ന അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായാണ് അമിത് ഷായും യോഗിയും ഇവിടെ എത്താനിരുന്നത്. അതേസമയം, മമത സർക്കാരിന്റെ നീക്കത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.