ലക്നോ: പ്രതിപക്ഷ നേതാക്കളുടെ സുരക്ഷ കുറച്ച് യോഗി ആദിത്യനാഥ് സർക്കാർ. മുൻ മുഖ്യമന്ത്രിമാരായ അഖിലേഷ് യാദവ്, മായാവതി എന്നിവരുടേയും സമാജ്വാദി പാർട്ടി എംപി ഡിംപിൾ യാദവ്, രാം ഗോപാൽ യാദവ്, എസ്പി നേതാക്കളായ ശിവ്പാൽ യാദവ്, അസം ഖാൻ എന്നിവരുടെ സുരക്ഷയാണ് കുറച്ചത്. എന്നാൽ ബിജെപി നേതാക്കളുടെ സുരക്ഷ വർധിപ്പിക്കാനും യുപി സർക്കാർ മറന്നില്ല. ബിജെപി നേതാവ് വിനയ് കത്യാറിന്റെ സുരക്ഷ ഇസഡ് കാറ്റഗറിയായി സർക്കാർ വർധിപ്പിച്ചു. ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചേർന്ന സുരക്ഷ അവലോകന യോഗമാണ് തീരുമാനമെടുത്തത്. ശനിയാഴ്ച രാത്രി മുതൽ തീരുമാനം പ്രാബല്യത്തിൽവന്നു.
നേരത്തെ 151 പേർക്കാണ് വിഐപി സുരക്ഷ നൽകിപ്പോന്നത്. ഇതിൽ 105 പേരുടേയും സുരക്ഷ പൂർണമായും എടുത്തുകളഞ്ഞു. 46 വിഐപികളുടെ സുരക്ഷ കുറയ്ക്കുകയും ചെയ്തു. ബിഎസ്പി ദേശീയ ജനറൽ സെക്രട്ടറിയും രാജ്യസഭ എംപിയുമായ സതീഷ് ചന്ദ്ര മിശ്രയുടെ സുരക്ഷയും പൂർണമായും എടുത്തുകളഞ്ഞു.