മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി മുഴക്കിയ സംഭവത്തിൽ യുവതി പിടിയിൽ. മഹാരാഷ്ട്ര താനെയിലുള്ള ഉല്ലാസ് നഗർ സ്വദേശിനിയായ ഫാത്തിമാ ഖാൻ (24) ആണ് മുംബൈ പോലീസിന്റെ പിടിയിലായത്. ഫാത്തിമാ ഖാൻ മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
പത്തു ദിവസത്തിനകം രാജിവച്ചില്ലെങ്കിൽ മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയെപ്പോലെ യോഗി ആദിത്യനാഥും കൊല്ലപ്പെടുമെന്നായിരുന്നു ഭീഷണി. ശനിയാഴ്ച വൈകുന്നേരമാണ് മുംബൈ പോലീസിന് ഭീഷണി സന്ദേശം ലഭിച്ചത്. മുംബൈ പോലീസ് ട്രാഫിക് കൺട്രോൾ സെല്ലിലേയ്ക്ക് ഒരു അജ്ഞാത നമ്പറിൽനിന്നു സന്ദേശം ലഭിക്കുകയായിരുന്നു.
ഭീഷണിയെത്തുടർന്ന് അധികൃതർ തീവ്രവാദ വിരുദ്ധ സ്ക്വാഡിന് (എടിഎസ്) മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് പോലീസും എടിഎസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണു യുവതി പിടിയിലായത്.