ലക്നോ: പതിവായി യോഗ ചെയ്താൽ കൊറോണ വൈറസ് പോലെയുള്ള മാരകരോഗങ്ങൾ ഇല്ലാതാക്കാമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
കൊറോണ വൈറസ് ലോകത്തിലെ നിരവധി രാജ്യങ്ങളിലേക്കു പടർന്നുപിടിച്ച് ഭീതി വിതയ്ക്കുന്നതിനിടെയാണു ബിജെപി മുഖ്യമന്ത്രിയുടെ പരാമർശം.
നാം ഇന്ത്യൻ പൈതൃകം കുറച്ചുകൂടി ആഴത്തിൽ മനസിലാക്കേണ്ടതുണ്ട്. യോഗയിലൂടെ നിരവധി കാര്യങ്ങൾ നേടാനാകും. ലോകം മാനസികവും ശാരീരികവുമായ രോഗങ്ങൾക്കെതിരെ പോരാടുകയാണ്.
ഇതെല്ലാം ഭേദമായാൽ ആർക്കും രക്തസമ്മർദ്ദം, ഹൃദയാഘാതം, വൃക്ക തകരാറ്, കരൾ തകരാർ, കൊറോണ വൈറസ് എന്നിവപോലും ആർക്കും അനുഭവപ്പെടില്ല- ഋഷികേശിൽ അന്താരാഷ്ട്ര യോഗോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ യോഗി പറഞ്ഞു.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ ജപ്പാൻജ്വരവും ഇതുമൂലമുള്ള മരണനിരക്കും കുറഞ്ഞെന്ന് അവകാശപ്പെട്ട യോഗി, 25 വർഷമായി ഗൊരഖ്പൂരിലും കിഴക്കൻ യുപിയിലും താൻ ഈ രോഗത്തിനെതിരേ പോരാടുകയാണെന്നും യോഗ മാത്രമാണ് ഈ രോഗങ്ങൾക്കു മരുന്നെന്നു താൻ മനസിലാക്കിയെന്നും കൂട്ടിച്ചേർത്തു.