ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടും കല്പിച്ചാണെന്ന് തോന്നുന്നു. പൂവാലന്മാരെ നിലയ്ക്കുനിര്‍ത്താന്‍ ആന്റി റോമിയോ സംഘങ്ങളെ നിയോഗിച്ച യോഗി ഇത്തവണ വാളെടുക്കുന്നത് സംസ്ഥാനത്തെ പരീക്ഷത്തട്ടിപ്പുകാരെയാണ്. പരീക്ഷയില്‍ തട്ടിപ്പു നടത്താന്‍ ശ്രമിച്ച നിരവധി അധ്യാപകരും, പരീക്ഷാസെന്ററുകളും, വിദ്യാര്‍ഥികളും വെള്ളിയാഴ്ച്ച രാവിലെ വരെ പിടിയിലായിട്ടുണ്ട്.
പരീക്ഷത്തട്ടിപ്പിന് പേരുകേട്ട സംസ്ഥാനങ്ങളാണിലൊന്നായിരുന്നു യുപി. ബിഹാറിലെയും യുപിയിലെയും കോപ്പിയടി ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഇതുവരെ 111 സെന്റര്‍ ഡയറക്ടര്‍മാര്‍, 178 ഇന്‍വിജിലേറ്റര്‍മാര്‍, 70 വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. 57 ഓളം പരീക്ഷാ സെന്ററുകളെ പരീക്ഷ നടത്തുന്നതില്‍ നിന്നും വില്ക്കി. യോഗി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മൂന്നു ദിവസം മുമ്പാണ് യുപിയില്‍ പരീക്ഷകള്‍ തുടങ്ങിയിരുന്നത്.
അതിനിടെ സംസ്ഥാനത്തെ എല്ലാ അംഗീകൃത അറവുശാലകളും തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. മതമോ ജാതിയോ നോക്കി ആര്‍ക്കെതിരെയും നടപടി എടുക്കില്ലെന്ന് സര്‍ക്കാര്‍ യോഗത്തില്‍ വ്യക്തമാക്കി. ജാതിയോ മതമോ നോക്കി നടപടിയെടുത്താല്‍ ആ ഉദ്യോഗസ്ഥനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി
അറവുശാലകള്‍ക്കെതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ നാല് ദിവസമായി ഇറച്ചിക്കടകളും അറവുശാലകളും അടച്ചിട്ടുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യോഗം വിളിച്ചത്. അനധികൃത അറവുശാലകള്‍ക്കെതിരെ നടപടി എടുക്കണമെന്ന സര്‍ക്കാരിന്റെ ഉത്തരവ് ചില ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നുവെന്ന പരാതിയാണ് കടയുടമകള്‍ യോഗത്തില്‍ മുന്നോട്ട് വച്ചത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ മാത്രം നടപടി സ്വീകരിക്കുന്നുവെന്നുവെന്നും അധികാര ദുര്‍വിനിയോഗം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും കടയുടമകള്‍ ആവശ്യപ്പെട്ടു.