കൊച്ചി: ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപകന്‍ കെ.പി. യോഹന്നാന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. തിങ്കാളാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വിദേശ ഇടപാടുകളുടെ രേഖകള്‍ കൈമാറണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബിലീവേഴ്സ് ചര്‍ച്ചിന്റെ ആസ്ഥാനത്തും സ്ഥാപനങ്ങളിലും നേരത്തെ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. അമേരിക്കയിലുള്ള അദ്ദേഹം ചോദ്യം ചെയ്യലിന് എത്താന്‍ ഇടയില്ല. മറ്റു ഉദ്യോഗസ്ഥര്‍ രേഖകളുമായി ഹാജരാകാനുള്ള സാധ്യതയുമുണ്ട്.
6,000 കോടിയുടെ തട്ടിപ്പാണ് ബിലീവേഴ്സ് ചര്‍ച്ചിലെ പരിശോധനയിൽ കണ്ടെത്തിയത്. 17 കോടിയുടെ കള്ളപ്പണവും കണ്ടെടുത്തു. ഈ സാഹചര്യത്തിലാണ് നോട്ടീസ് നല്‍കുന്നത്. നേരിട്ട് ഹാജരായില്ലെങ്കില്‍ അടുത്ത നടപടികളിലേക്ക് ആദായനികുതി വകുപ്പ് കടക്കും.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇക്കാര്യത്തില്‍ അന്വേഷണം നടത്താനിടയുണ്ട്. അങ്ങനെ എങ്കില്‍ യോഹന്നാനെതിരേ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കുമെന്നാണ് അറിയുന്നത്. തിരുവല്ലയിലെ ആസ്ഥാനത്തും മെഡിക്കല്‍ കോളജ് ആശുപത്രിയിലും ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയിരുന്നു.
ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ എഫ്സിആര്‍ഐ ലൈസന്‍സ് റദ്ദാക്കിയേക്കുമെന്ന് സൂചനയുണ്ട്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കെത്തിയിരുന്ന പണം വിവിധ ആവശ്യങ്ങള്‍ക്കായി വക മാറ്റിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.
അതേസമയം സഭയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവങ്ങള്‍ക്ക് പിന്നില്‍ ചില നടത്തിപ്പുകാരാണെന്നാരോപിച്ച് ബിലീവേഴ്സ് സേവ് ഫോറവും രംഗത്തെത്തിയിട്ടുണ്ട്. യോഹന്നാനെ ചോദ്യം ചെയ്ത ശേഷം ആദായനികുതി വകുപ്പ് വിശദ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കൈമാറും. അതില്‍ സിബിഐ-ഇഡി അന്വേഷണത്തിനും ശിപാര്‍ശയുണ്ടാകും.
വിദേശ ബന്ധമുള്ള സാമ്പത്തിക ക്രമക്കേട് സിബിഐയോ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റോ കേസ് ഏറ്റെടുത്ത് അന്വേഷിക്കാനുള്ള സാധ്യതയും അതുകൊണ്ട് തന്നെ സജീവമാണ്.
ആദായ നികുതി വകുപ്പ് കണ്ടെത്തിയ രേഖകളും തെളിവുകളും മറ്റ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയേക്കും. സ്ഥാപനത്തിന്റെ മറ്റ് നടത്തിപ്പുകരുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ഐടി അന്വേഷിക്കുന്നുണ്ട്.