വിഴിഞ്ഞം: അബ്കാരി കേസിലെ പ്രതിയെ പിടിക്കാൻ പോയ കാഞ്ഞിരംകുളം പോലീസിന് നേരെ നാട്ടുകാരുടെ ആക്രമണം. എസ്ഐ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് പരിക്കേറ്റു.
ഒരാൾ അറസ്റ്റിൽ. പിടികൂടിയ പ്രതിയെ നാട്ടുകാർ ജീപ്പ് വളഞ്ഞ് മോചിപ്പിച്ചു. ഇന്നലെ ഉച്ചയോടെ പുതിയതുറയ്ക്ക് സമീപമായിരുന്നു സംഭവം.
പുതിയ തുറതീരത്ത് വ്യാജചാരായം വിറ്റതുമായി ബന്ധപ്പെട്ട് പുല്ലുവിള പുതിയതുറ സ്വദേശിയായ യോഹന്നാന്(40)എതിരെ ഒരു മാസം മുൻപ് കാഞ്ഞിരംകുളം പോലീസ് കേസെടുത്തിരുന്നു. കോടതിയിൽ പോയി മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കിട്ടാതെ വന്ന യോഹന്നാൻ മുങ്ങി നടക്കുകയായിരുന്നു.
ഇന്നലെ ഉച്ചയോടെ ഇയാൾ പുതിയതുറയിൽ നിൽക്കുന്നതായറിഞ്ഞ പോലീസ് പിടികൂടാനായി അവിടെയെത്തി. പോലീസിനെ കണ്ട യോഹന്നാൽ കടലിൽ ചാടി രക്ഷപ്പെട്ടു.
ആവശ്യപ്പെട്ടിട്ടും കരയിൽ കയറാതെ വന്നതോടെ പോലീസ് തല്ക്കാലം പിൻമാറി. എന്നാൽ അഞ്ചോളം പോലീസുകാരെ മഫ്തിയിൽ സ്ഥലത്ത് നിർത്തിയിരുന്നു. ജീപ്പ് തിരികെ പോയ തുകണ്ട യോഹന്നാൻ കരയിൽ കയറുന്നതിനിടയിൽ മഫ്തി പോലീസുകാർ ഓടിച്ച് പിടികൂടി. ഇതിനിടയിൽ ജീപ്പിലും പോലീസ് എത്തി.
എന്നാൽ പ്രതിയുമായി തിരിച്ച ജീപ്പ് നാട്ടുകാരിൽ ഒരു വിഭാഗം തടഞ്ഞുവച്ചു. വിവരമറിഞ്ഞ് പൂവാറിൽ നിന്നും കാഞ്ഞിരംകുളത്തു നിന്നുമായി കൂടുതൽ പോലീസെത്തി.
പ്രതിയെ മോചിപ്പിക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമം സംഘർഷത്തിൽ കലാശിച്ചു. ആക്രമണത്തിൽ കാഞ്ഞിരംകുളം എസ്ഐ സജീർ, ഗ്രേഡ് എസ്ഐ വിജയകുമാർ, എഎസ്ഐമാരായ മധു ,ആനന്ദകുമാർ, ഡ്രൈവർ പ്രവീൺ ദാസ് എന്നിവർക്ക് പരിക്കേറ്റു. പ്രശ്നം രൂക്ഷമാകുന്നതിനിടയിൽ പ്രതി രക്ഷപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേർക്കെതിരെ കേസെടുത്ത പോലീസ് പുല്ലുവിള പിടിവിളാകം പുരയിടത്തിൽ സിറിലി (40) നെ അറസ്റ്റ് ചെയ്തു.
രക്ഷപ്പെട്ട പ്രതിക്കും കൂട്ടുപ്രതികൾക്കും വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി സിഐ അജീചന്ദ്രൻ നായർ അറിയിച്ചു. പരിക്കേറ്റ പോലീസുകാർ ആശുപത്രിയിൽ ചികിത്സതേടി.