ഡോക്ടർ, എന്റെ കാലിൽ കറന്റ് അടിക്കുന്നതുപോലെ തോനുന്നു. ഈ പരാതിയുമായാണ് ഫ്രാൻസിലെ ഒരാശുപത്രിയിൽ മുപ്പത്തഞ്ചു വയസുള്ള യുവതിയെത്തിയത്. കാലുകൾക്കു വിറയൽ, വൈദ്യുതി പ്രവഹിക്കുന്നു തുടങ്ങിയ ലക്ഷണങ്ങൾ പറഞ്ഞായിരുന്നു അവർ ഡോക്ടറെ സമീപിച്ചത്. വിശദമായ പരിശോധന നടത്തിയ ഡോക്ടർ ഞെട്ടി.
യുവതിയുടെ നട്ടെല്ലിനുള്ളിൽ കണ്ടെത്തിയ നാടവിരയുടെ ലാർവയാണ് യുവതിയുടെ ഈ അവസ്ഥയ്ക്കു കാരണമായത്. ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിന്റെ റിപ്പോർട്ട് അനുസരിച്ച് കുതിരസവാരിയിൽ കമ്പമുള്ള ആളാണ് രോഗി. കൂടാതെ കന്നുകാലിവളർത്തലുമുണ്ട്. ഈ രോഗലക്ഷണങ്ങൾ കാരണം കുതിരസവാരി നടത്താൻ കഴിയുന്നില്ല. അതിനാലാണ് അവർ ആശുപത്രിയിലെത്തിയത്.
ശസ്ത്രക്രിയ നടത്തി നാടവിരയുടെ ലാർവകളെ നീക്കം ചെയ്തു. എക്കിനോകോക്കസ് ഗ്രാനുലോസസ് എന്ന അണുബാധയാണ് ഈ അവസ്ഥയ്ക്കു കാരണം. നായ്ക്കളിലും മറ്റു വളർത്തുമൃഗങ്ങളിലുമാണ് ഈ പരാദവിരകൾ കാണപ്പെടുന്നത്.