മൂവാറ്റുപുഴ: ബുദ്ധി വൈകല്യമുള്ള യുവാവിന് ഷേവ് ചെയ്ത് നൽകാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎയുടെ ഹെൽപ് ഡെസ്കിലേക്ക് വിളിച്ച മാതാവിന്റെ ആവശ്യം ഏറ്റെടുത്ത് യൂത്ത് കോണ്‍ഗ്രസ്.
ആവോലി പഞ്ചായത്തിൽ ചെങ്ങറ കോളനിയിൽ ബുദ്ധി വൈകല്യമുള്ള മകനുമായി ഒറ്റയ്ക്ക് താമസിക്കുന്ന മാതാവാണ് എംഎൽഎയുടെ ഹെൽപ് ഡെസ്കിലേക്ക് വിളിച്ച് സഹായം അഭ്യർഥിച്ചത്.
ലോക്ഡൗണ്‍മൂലം ബാർബർ ഷോപ്പുകൾ തുറക്കാത്തതുകൊണ്ട് മകന് യഥാസമയം ഷേവിംഗ് ചെയ്യാൻ കഴിയാതത്തിനാൽ മാനസിക വിഭ്രാന്തി കാണിക്കുകയാണെന്നും സഹായിക്കാൻ ആരുമില്ലെന്നും പറഞ്ഞാണ് ഹെൽപ് ഡെസ്കിലേക്ക് വിളിച്ചത്.
ഫോണ്‍ കോൾ സ്വീകരിച്ച യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ വിഷയത്തിന് ഉടൻ പരിഹാരമുണ്ടാക്കാമെന്ന് അറിയിച്ചു.
പിന്നീട് ആവോലി പഞ്ചായത്തംഗം വി.എസ്. ഷെഫനുമായി സംസാരിച്ചു നിജസ്ഥിതി മനസിലാക്കിയതിനെത്തുടർന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി റിയാസ് താമരപ്പിള്ളിയും ആവോലി മണ്ഡലം പ്രസിഡന്റ് വി.എം. റിയാദും ചെങ്ങറ കോളനിയിലുള്ള വീട്ടിലെത്തി ഷേവ് ചെയ്ത് നൽകുകയായിരു ന്നു.