മോസ്കോ: ലോകകപ്പ് കളിക്കാനെത്തിയ താരത്തിന്റെ ഭാര്യ തീയതിക്കു മുന്‍പ് കുഞ്ഞിനു ജന്മം നല്കിയാൽ എന്തു ചെയ്യും. ഡെന്മാർക്ക് കളിക്കാർ ചെയ്തതിങ്ങനെ: ഡിഫൻഡർ യോനാസ് കനൂസന് കുഞ്ഞിക്കാലുകാണാൻ നാട്ടിൽ പോകാനായി സഹതാരങ്ങൾ സ്വകാര്യ ജെറ്റ് വിമാനം ബുക്ക് ചെയ്ത് നല്കി.
പ്രതീക്ഷിച്ചതിലും നേരത്തെയാണ് കനൂസന്റെ ഭാര്യ ട്രൈൻ ഒരു പെണ്‍കുഞ്ഞിനു ജന്മം നൽകിയത്. എന്തായാലും ലോകകപ്പിനിടയിൽ തനിക്കു പിറന്ന കുഞ്ഞ് ഭാഗ്യം കൊണ്ടുവരുമെന്നാണ് ഈ പ്രതിരോധഭടന്റെ വിശ്വാസം.
മാനുഷിക വശം കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനമെന്ന് ഡാനിഷ് ഗോളി കാസ്പർ സ്മൈക്കൽ പറഞ്ഞു. ഫുട്ബോളർമാർ എന്നതിനൊപ്പം എല്ലാവരും മനുഷ്യരാണ്. കുട്ടി ജനിച്ചതറിഞ്ഞ് പോകാൻ കഴിഞ്ഞില്ലെങ്കിലുള്ള ബുദ്ധിമുട്ട് മനസിലാകും അദ്ദേഹം ചൂണ്ടിക്കാട്ടി.