സീയൂൾ: പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൺ സുക് യോളിനുമേൽ രാജിസമ്മർദം ശക്തമായി. പാർലമെന്റിൽ ഇംപീച്ച്മെന്റ് നേരിടുന്ന അദ്ദേഹത്തിനെതിരേ പോലീസ് രാജ്യദ്രോഹക്കുറ്റത്തിനു കേസെടുത്തു.
പട്ടാളനിയമം പ്രഖ്യാപിക്കാൻ യൂണിനെ ഉപദേശിച്ച പ്രതിരോധമന്ത്രി കിം യോംഗ് ഹ്യുൻ വ്യാഴാഴ്ച രാജിവച്ചിരുന്നു. യൂണിന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെയും സീയൂളിൽ വൻ പ്രകടനങ്ങളുണ്ടായി. ദിവസം ചെല്ലുംതോറും പ്രകടനത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നു.
ഇതിനിടെയാണ് പ്രതിപക്ഷത്തിന്റെ പരാതിയിൽ യൂണിനെതിരേ പോലീസ് രാജ്യദ്രോഹത്തിനു കേസെടുത്തത്. യൂൺ ഭരണകൂട അട്ടിമറിക്കു ശ്രമിച്ചുവെന്നാണു പരാതി. വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ പ്രകാരമാണ് കേസ്. ക്രിമിനൽ നടപടികളിൽനിന്നു പ്രസിഡന്റിനുള്ള സംരക്ഷണം രാജ്യദ്രോഹക്കേസിൽ ലഭിക്കില്ല. പാർലമെന്റും യൂണിനെതിരേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇംപീച്ച്മെന്റ് നടപടികളിൽ ശനിയാഴ്ച വോട്ടെടുപ്പ് നടക്കും. പാർലമെന്റിൽ പ്രതിപക്ഷം എണ്ണത്തിൽ മുന്നിലാണെങ്കിലും ഇംപീച്ച്മെന്റ് പാസാകാൻ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണം. മുന്നൂറംഗ പാർലമെന്റിൽ യൂണിന്റെ പാർട്ടിയിലെ എട്ട് അംഗങ്ങൾകൂടി പിന്തുണച്ചാലേ ഇംപീച്ച്മെന്റ് പാസാകൂ. ഇംപീച്ച്മെന്റിന് എതിരാണെന്നാണു യൂണിന്റെ പീപ്പിൾ പവർ പാർട്ടി നേതൃത്വം അറിയിച്ചത്.
ചൊവാഴ്ച രാത്രിയാണു യൂൺ അപ്രതീക്ഷിതമായി പട്ടാളനിയമം പ്രഖ്യാപിച്ചത്. സർക്കാർ വിരുദ്ധ ശക്തികളുടെയും ഉത്തരകൊറിയയുടെയും പേരു പറഞ്ഞായിരുന്നു പ്രഖ്യാപനം. എന്നാൽ, സ്വന്തം ജനപ്രീതി ഇടിയുന്ന പശ്ചാത്തലത്തിലായിരുന്നു ഇത്തരമൊരു നീക്കമെന്ന് പിന്നീടുള്ള റിപ്പോർട്ടുകളിൽ വ്യക്തമായി.
പ്രതിപക്ഷം പാർലമെന്റിൽ പട്ടാളം നിയമം റദ്ദാക്കാൻ വോട്ട് ചെയ്തു. ഇതിനു പിന്നാലെ പട്ടാളനിയമം പ്രഖ്യാപിക്കുന്നതായി യൂണും പ്രഖ്യാപിച്ചു.
യൂൺ വീണ്ടും പട്ടാളനിയമം പ്രഖ്യാപിച്ചാൽ തടയുക ലക്ഷ്യമിട്ട് പ്രതിപക്ഷ എംപിമാരിൽ ചിലർ പാർലമെന്റിനു പുറത്തു പോകാൻ തയാറായിട്ടില്ല.