അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയില്‍ വീണ് മലയാളി ദമ്പതികളായ വിഷ്ണു(29) മീനാക്ഷി(29) എന്നിവര്‍ മരിച്ച വാര്‍ത്ത മലയാളികളെ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ട്രക്കിംഗിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ മലമുകളില്‍ നിന്നും തെന്നിവീണാണ് ഇരുവരും മരിച്ചത്. പ്രശസ്തമായ യോസാമിറ്റി നാഷണല്‍ പാര്‍ക്കിന്റെ ഭാഗമായ മലനിരകളിലായിരുന്നു അപകടം നടന്നത്. ട്രക്കിംഗിനിടെ 3000 അടി ഉയരത്തില്‍ നിന്നും വീഴുകയായിരുന്നു.
ലോകമെമ്പാടുമുള്ള കമിതാക്കളുടെ ഇഷ്ടയിടമാണ് യോസാമിറ്റിയിലെ ടാഫ്റ്റ് പോയിന്റ് പാറക്കെട്ട്. കമിതാക്കള്‍ ഇവിടെ വെച്ച് പ്രണാഭ്യര്‍ത്ഥനകളും വിവാഹാഭ്യര്‍ത്ഥനകളും നടത്താറുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ നിന്നും മിഷിഗണ്‍കാരനായ മാത്യു ഡിപ്പല്‍ എന്ന ഫോട്ടോഗ്രാഫര്‍ ഒരു ചിത്രം പകര്‍ത്തിയിരുന്നു. യുവാവ് മുട്ടില്‍ ഇരുന്ന് യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന ചിത്രം യാദൃശ്ചികമായി അദ്ദേഹം പകര്‍ത്തിയതായിരുന്നു. ഇത്തരത്തില്‍ പല പ്രണയിനികളും ദമ്പതിമാരും ഈ സൂയിസൈഡ് പോയന്റിന് മുകളില്‍ വിവാഹപ്രണയാഭ്യര്‍ത്ഥനകള്‍ നടത്താന്‍ എത്താറുണ്ട്.
അവധി ആഘോഷിക്കാനായിരുന്നു വിഷ്ണുവും മീനാക്ഷിയും ഇവിടെ എത്തിയത്. എന്നാല്‍ ട്രക്കിംഗിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുമ്പോള്‍ കാല് തെറ്റി വീഴുകയായിരുന്നു. ചിന്നിചിതറിയ നിലയിലായിരുന്ന മൃതദേഹങ്ങള്‍ എന്നാണ് വിവരം. ഇവര്‍ ധരിച്ചിരുന്ന വസ്ത്രത്തിന്റെ പോക്കറ്റില്‍ നിന്നും ലഭിച്ച തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് ഇരുവരെയും തിരിച്ചറിഞ്ഞത്.
മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍. കാലിഫോര്‍ണിയയിലെ സിഡ്കോ സോഫ്റ്റ്വെയര് കമ്പനി എന്‍ജിനീയറാണ് വിഷ്ണു. വിഷ്ണു പതിവായി ഓഫീസില്‍ എത്താതായതോടെ സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്. ഇതിനു മുമ്പും ഇവിടെ ഫോട്ടോയെടുക്കുന്നതിനിടയില്‍ പലരും അപകടത്തില്‍പ്പെട്ടിട്ടുണ്ട്.എന്നിരുന്നാലും പ്രണയാഭ്യര്ഥനയ്ക്ക്് ഏറ്റവും ഉചിതമായ ഇടം എന്ന നിലയില്‍ നിരവധി കമിതാക്കളാണ് ദിവസേന ഇവിടേക്കെത്തുന്നത്.