കൊച്ചി: ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അബുദാബിയിലെ വീട്ടില്‍ വിശ്രമത്തിൽ.
അപകടശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന യൂസഫലി ഇന്നലെ പുലര്‍ച്ചെ ഒന്നോടെ പ്രത്യേക വിമാനത്തില്‍ ഭാര്യ സാബിറയോടൊപ്പം അബുദാബിയിലെ വീട്ടിലേക്കു പോകുകയായിരുന്നു.
അബുദാബി രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിൽ നെടുന്പാശേരിയിൽനിന്നായിരുന്നു യാത്ര.
യൂസഫലി പൂര്‍ണ ആരോഗ്യവാനാണെന്നും അപകടത്തെത്തുടര്‍ന്നുള്ള ബഹളം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ മാത്രമാണ് അദ്ദേഹത്തിനുള്ളതെന്നും അതിൽനിന്നു മോചിതനായി വരുന്നതായും യുഎഇ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഹെഡ് ഓഫീസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍ അറിയിച്ചു.
നട്ടെല്ലിനു ക്ഷതം സംഭവിച്ചത് സംബന്ധിച്ചു മെഡിക്കല്‍ റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും നന്ദകുമാര്‍ പറഞ്ഞു.
യൂസഫലിക്കും ഭാര്യക്കും പുറമേ സെക്രട്ടറിമാരായ പി.വി. ഷാഹിദ്, ഇ.എ. ഹാരിസ്, പൈലറ്റുമാരായ ടിപി. അശോക്, ശിവകുമാർ എന്നിവരാണ് അപകടസമയത്തു കോപ്റ്ററിലുണ്ടായിരുന്നത്.
കാര്യമായ പരിക്കുകളൊന്നും ഇവർക്കുമില്ല. സെക്രട്ടറി പി.വി. ഷാഹിദും യൂസഫലിക്കൊപ്പം അബുദാബിയിലേക്കു പോയിട്ടുണ്ട്. മറ്റുള്ളവർ കൊച്ചിയിലെ ആശുപത്രിയിൽ വിശ്രമത്തിലാണ്.