ലോസ് ആഞ്ചലസ്: വാഹനവുമായി ഇരുന്നൂറ് അടി താഴ്ചയുള്ള കൊക്കയിലേക്കു നിപതിച്ച യുവതിയെ ഏഴു ദിവസത്തിനുശേഷം രക്ഷപ്പെടുത്തി. കലിഫോർണിയയിലെ തീരദേശ ഹൈവേയിൽ അപകടത്തിൽപ്പെട്ട ആൻജല ഹെർണാണ്ടസ്(23) ഇത്രയും നാൾ ജീവൻ നിലനിർത്തിയത് റേഡിയേറ്ററിലെ വെള്ളം കുടിച്ചാണ്.
ജൂലൈ ആറിന് കാണാതായ ആൻജലയ്ക്കായി വ്യാപക തെരച്ചിൽ നടത്തിവരുകയായിരുന്നു. വെള്ളിയാഴ്ച ബിഗ് സുർ മേഖലയിൽ മലയകയറ്റവിനോദത്തിൽ ഏർപ്പെട്ടിരുന്നവരാണ് കടലിനോടു ചേർന്ന കൊക്കയിൽ തകർന്ന കാറിനൊപ്പം അവശയായ ആൻജലയെ കണ്ടെത്തിയത്. മുകളിലെത്തിച്ചശേഷം ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ച യുവതി സുഖം പ്രാപിച്ചുവരികയാണ്.
പോർട്ട്ലാൻഡ് സ്വദേശിനിയായ ആൻജല ലോസ് ആഞ്ചലസ് കൗണ്ടിയിലുള്ള സഹോദരിയുടെ വീട്ടിലേക്കു പോകവേ റോഡിൽ കണ്ട മൃഗത്തെ ഇടിക്കാതിരിക്കാൻ കാറു വെട്ടിക്കവേ കൊക്കയിൽ പതിക്കുകയായിരുന്നു.