യുവേഫ ചാമ്പ്യസ് ലീഗ് ഫുട്ബോളിന്റെ ഗ്രൂപ്പ് ഘട്ടം ആരംഭിച്ചത് ഗോള്മേളത്തോടെ. മുന്‍നിര ടീമുകള്‍ ഗോളില്‍ കുളിച്ചു. ഗ്ലാമര്‍ പോരാട്ടത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ മികവില്‍ ബാഴ്സലോണ ഏകപക്ഷീയമായ മൂന്നു ഗോളിനു യുവന്റസിനെ പരാജയപ്പെടുത്തിയപ്പോള്‍ ലോകത്തെ ഏറ്റവും മൂല്യമേറിയ ടീമായ പാരീ സാന്‍ ഷര്മെയ്ന്, ഏകപക്ഷീയമായ അഞ്ചു ഗോളിന് സെല്‍റ്റിക്കിനെ പരാജയപ്പെടുത്തി. ബയേണ്‍ മ്യൂണിക്കും ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഏകപക്ഷീയ വിജയം ആഘോഷിച്ചു.
മെസി മാജിക്കില്‍ ബാഴ്സ
ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് മത്സരങ്ങള്‍ ആരംഭിച്ച ദിവസം ഏവരും ആകാംക്ഷയോടെ കാത്തിരുന്ന മത്സരമായിരുന്നു ബാഴ്സ – യുവന്റസ് പോരാട്ടം. ഗ്രൂപ്പ് ഡിയില്‍ ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്റസിനെ ഏകപക്ഷീയമായ മൂന്നു ഗോളിനു ബാഴ്സ മറികടന്നപ്പോള്‍ മിന്നും താരമായത് ലയണല്‍ മെസി. രണ്ടു ഗോള്‍ നേടുകയും ഒരു ഗോളിനു വഴിതെളിക്കുകയും ചെയ്ത മെസി ഉജ്വല ഫോമിലായിരുന്നു. മെസിക്ക് തന്റെ കരിയറില്‍ ഒരിക്കല്‍പ്പോലും കീഴടക്കാന്‍ പറ്റാത്ത ഗോള്‍ കീപ്പറായിരുന്നു ജിയാന്‍ ലൂയിജി ബഫണ്.
എന്നാല്‍, ഈ മത്സരത്തില്‍ ബഫണെ നിഷ്പ്രഭനാക്കി മെസി നിറഞ്ഞാടി. 45, 69 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകള്‍. 56-ാം മിനിറ്റില്‍ ഇവാന് റാക്കിട്ടിച്ചും ബാഴ്സയ്ക്കായി സ്കോര്‍ ചെയ്തു. വിജയത്തോടെ പോയിന്റ് പട്ടികയില്‍ ബാഴ്സ ഒന്നാമതെത്തി. ഒളിമ്പ്യക്കസിനെ 3-2നു പരാജയപ്പെടുത്തിയ സ്പോര്‍ട്ടിംഗ് ലിസ്ബണാണ് രണ്ടാമത്.
നെയ്മറുടെ അഭാവത്തില്‍ മികച്ച ഒരു ടീമിനെതിരേ മികച്ച ഒരു വിജയം ബാഴ്സലോണയ്ക്ക് ആവശ്യമായിരുന്നു. നെയ്മര്‍ക്കു പകരം ടീമിലെത്തിയ ഓസ്മാനെ ഡെംബലയ്ക്ക് ബാഴ്സയ്ക്കൊപ്പമുള്ള ആദ്യമത്സരം തന്നെ അവിസ്മരണീയമാക്കാനായി. ഗോള്‍ നേടിയില്ലെങ്കിലും ഉജ്വല പ്രകടനം പുറത്തെടുക്കാന്‍ ഡെംബലയ്ക്കായി. നെയ്മറുടെ അഭാവം നികത്താന്‍ തനിക്കാകുമെന്ന സൂചനയാണ് ഡെംബല നല്‍കുന്നത്.
അഞ്ചു മാസം മുമ്പ് കഴിഞ്ഞ സീസണിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്സയെ കശക്കിയെറിഞ്ഞതിന്റെ ആത്മവിശ്വാസത്തിലായിരുന്നു യുവെ ന്യൂകാമ്പിലെത്തിയത്. എന്നാല്‍, അന്ന് ബാഴ്സയ്ക്കെതിരേ ഇറങ്ങിയ ടീമില്‍നിന്ന് ആറ് മാറ്റങ്ങളുമായാണ് യുവെ എത്തിയത്.
നേരത്തെ നേരിട്ട പരാജയത്തിന്റെ കണക്കു തീര്‍ക്കാന്‍ ഉറച്ചിറങ്ങിയ ബാഴ്സ തുടക്കം മുതല്‍ ആക്രമണമൂഡിലായിരുന്നു. ഡെംബല-മെസി-സുവാരസ് സഖ്യം നിരന്തരം ബഫണെ പരീക്ഷിച്ചു. എന്നാല്‍, ഗോള്‍ വീഴാന്‍ ആദ്യപകുതിയുടെ അവസാന സെക്കന്‍ഡ് വരെ കാത്തിരിക്കേണ്ടി വന്നു. സുവാരസിന്റെ പാസില്‍നിന്ന് മെസിയുടെ മിന്നും ഗോള്‍.
രണ്ടാം പകുതിയിലും ബാഴ്സ ആധിപത്യം തുടര്‍ന്നു. ലയണല്‍ മെസിയുടെ അസിസ്റ്റില്‍ റാക്കിട്ടിച്ച് പന്ത് വലയിലെത്തിച്ചു. 61-ാം മിനിറ്റില്‍ മെസിക്കും 64-ാം മിനിറ്റില്‍ യുവന്റസിന്റെ ഫെഡറിക്കോ ബെര് നാദേഷിക്കും അവസരം ലഭിച്ചു. എന്നാല്‍, അത് ഇരുവരും നഷ്ടപ്പെടുത്തി. 69-ാം മിനിറ്റില്‍ യുവെയുടെ നെഞ്ചില്‍ ഇടിത്തീയായി ബാഴ്സയുടെ മൂന്നാമത്തയും മെസിയുടെ രണ്ടാമത്തെയും ഗോള്‍ വീണു. ഒരു ഗോളെങ്കിലും തിരിച്ചടിക്കാന്‍ യുവന്റസ് കഠിനപ്രയത്നം നടത്തിയെങ്കിലും ബാഴ്സയുടെ പ്രതിരോധം തകര്‍ക്കാന്‍ അവര്‍ക്കായില്ല.
ബയേണ്‍ 3, ആന്ഡെര്ലെച്റ്റ് 0
ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിന് ഉജ്വല വിജയം. 11-ാം മിനിറ്റില്‍ കുംസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതിനെത്തുടര്‍ന്ന് 10 പേരുമായി കളിച്ച ബെല്‍ജിയം ക്ലബ് ആന്ഡെര്ലച്റ്റിനെതിരേ ഏകപക്ഷീയമായ മൂന്നു ഗോള്‍ വിജയമാണ് ബയേണ്‍ സ്വന്തമാക്കിയത്. 12-ാം മിനിറ്റില്‍ ലെവന്‍ഡോവ്സ്കിയുടെ പെനാല്‍റ്റിയിലൂടെ മുന്നിലെത്തിയ ബയേണിനു വേണ്ടി സ്പാനിഷ് താരം തിയാഗോ അന്കാന്റര (65), ജോഷ്വാ കിമിഷ് (90) എന്നിവരും സ്കോര്‍ ചെയ്തു. പോയിന്റ് നിലയില്‍ പിഎസ്ജിക്കു പിന്നില്‍ രണ്ടാമതാണ് ബയേണ്‍.
ഗ്രൂപ്പ് എയില്‍ സിഎസ്കെഎ മോസ്കോ ഒന്നിനെതിരേ രണ്ടു ഗോളിന് ബെന്‍ഫിക്കയെ പരാജയപ്പെടുത്തി. മോസ്കോ ക്ലബ്ബിനു വേണ്ടി വിറ്റീഞ്ഞോ (63), സമലെറ്റ്ഡിനോവ് (71) എന്നിവര്‍ സ്കോര്‍ ചെയ്തു. 50-ാം മിനിറ്റില്‍ സെഫറോവിക്കിലൂടെ ബെന്‍ഫിക്കയാണ് ആദ്യം മുന്നിലെത്തിയത്. ഗ്രൂപ്പ് സിയില്‍ അത്ലറ്റിക്കോ മാഡ്രിഡ് – എഎസ് റോമ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.