ലക്നോ: ബിജെപി എംഎൽഎ പീഡിപ്പിച്ചെന്നാരോപിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു പുറത്ത് ജീവനൊടുക്കാൻ ശ്രമിച്ച യുവതിയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ മരിച്ചു. ഞായറാഴ്ച രാത്രിയിൽ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം യോഗിയുടെ വീടിനു മുന്നിലെ സംഭവങ്ങളിൽ യുവതിയെയും പിതാവിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിനിടെ യുവതിയുടെ പിതാവിനെ ബിജെപി പ്രവർത്തകർ മർദ്ദിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഉന്നാവോയിൽനിന്നുള്ള ബിജെപി നിയമസഭാംഗം കുൽദീപ് സിംഗ് സെംഗറിനെതിരേയാണ് യുവതി ആരോപണം ഉന്നയിക്കുന്നത്.
എംഎൽഎയും സഹോദരനും ചേർന്ന് കഴിഞ്ഞ ജൂണിൽ തന്നെ പീഡിപ്പിച്ചെന്നും പോലീസിൽ പരാതി നൽകിയതിനു തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയെന്നും ആരോപിക്കുന്ന യുവതി, എംഎൽഎയ്ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നു.