റെൻ
സർക്കാരിന്റെ ഒരു നഷ്ടസംരഭത്തിൽ നിന്നാണ് ഇഷ്ടൻ തന്റെ ബ്ലോഗെഴുത്ത് തുടങ്ങിയത്. തുടക്കത്തിൽ എഴുത്ത് ഒക്കെ പൊളിയായിരുന്നു.
പിന്നെ, മെല്ലെ യൂട്യൂബിലേക്ക് കടന്നു. തുടക്കകാലഘട്ടം ആയതിനാൽ വളരെ വേഗത്തിൽ നല്ല റീച്ച് കിട്ടിയിരുന്നു. ഇപ്പോൾ തന്നെ ലക്ഷണക്കിന് ആരാധകരെ കിട്ടുകയും ചെയ്തു.
അവതരണ ശൈലിയിൽ ആരെയും ആകർഷിക്കുന്നതു കൊണ്ട് ഇഷ്ടന്റെ ചാനലിനു ഭക്തരും കൂടി. യൂട്യൂബ് ഭാഷയിൽ പറഞ്ഞാൽ സബ് സ്ക്രൈബേഴ്സ്.
മൂത്തുപോയ ആവേശം
ആയിരത്തിൽനിന്നു ലക്ഷങ്ങളിലേക്കു കാണുന്നവരുടെ എണ്ണം കൂടിയപ്പോൾ ചില ഉഡായിപ്പ് വേലകൾ ഒക്കെ എടുത്തു തുടങ്ങി.
വാഹനം മോഡിഫൈ ചെയ്യുകയും ഗതാഗത നിയമങ്ങൾ ലംഘിക്കുകയും ചെയ്തിട്ട് എംവിഡിമാരെ തെറി പറയുന്ന സാധാരണ വ്ലോഗർമാരെപോലെയല്ലായിരുന്നു ഇഷ്ടൻ.
വനവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെയായിരുന്നു ഇഷ്ടന്റെ ഭീഷണി. അങ്ങനെ, ഒരിക്കൽ കാടിന്റെ അടുത്തുള്ള റിസോർട്ടിൽ താമസിക്കുന്നതിനിടെ അനുമതിയില്ലാതെ വനത്തിനുള്ളിൽ പ്രവേശിക്കുകയും വനത്തിനുള്ളിൽ ഷൂട്ടിംഗ് നടത്തുകയും ചെയ്തു.
എന്തു ചെയ്യാം ഈ ദൃശ്യങ്ങൾ തന്റെ യൂട്യൂബിലിട്ട് റീച്ച് കൂട്ടുകയും ചെയ്തു.
മാപ്പ് മാപ്പേയ്
ഇനിയാണ് പണി കിട്ടിയത്. വനംവകുപ്പിന്റെ പക്കലും ഈ ദൃശ്യങ്ങൾ എത്തി. ഉടൻ, തന്നെ ഇഷ്ടനെ വിളിച്ച് വനംവകുപ്പ് അധികൃതർ വിശദീകരണം ചോദിക്കുകയും കേസെടുക്കുകയും ചെയ്തു.
പിന്നെ, എന്തു തെറ്റ് ചെയ്താലും അതിനെ ന്യായീകരിച്ചു കൊണ്ടുള്ള വീഡിയോയും ഹിറ്റാകും.
എന്നാൽ, വനംവകുപ്പിനോടു മാപ്പു പറഞ്ഞ് ഇഷ്ടൻ തലയൂരുക മാത്രമല്ല, ചെയ്തതു തെറ്റാണെന്നു പറയുകയും വീഡിയോ ദൃശ്യങ്ങൾ തന്റെ ചാനലിൽനിന്നു പിൻവലിക്കുകയും ചെയ്തു.
ചാനലിൽനിന്ന് അത്യാവശ്യം സന്പാദിക്കാൻ തുടങ്ങിയപ്പോൾ വണ്ടി വാങ്ങിയതിലും അല്പം വിവാദത്തിൽപ്പെട്ടു.
വണ്ടിപ്പണി!
ഒരു അന്താരാഷ്ട്ര കന്പനിയുടെ ഒരു വാഹനം പുറത്തിറക്കിയപ്പോൾ കേരളത്തിലെ ആദ്യത്തെ ഉടമ ഇഷ്ടൻ ആയി.
പിന്നെ, വണ്ടി കൈയിൽ കിട്ടിയപ്പോൾ വണ്ടിയെക്കുറിച്ചു തന്നെയായി വീഡിയോ. ഇഷ്ടന്റെ പറച്ചിൽ കേട്ടാൽ തോന്നും ലോകത്തിൽ മറ്റൊരു വണ്ടിയും ഇങ്ങനെ ഇല്ലെന്ന്.
അങ്ങനെ, ആ വണ്ടി ഉപയോഗിച്ച് ഒരു യാത്ര ഒക്കെ പോയി അടിച്ചു പൊളിച്ചു. പിന്നെ, തിരികെ വന്നപ്പോൾ തൊട്ടു തുടങ്ങി പരാതികൾ.
ഇതു മാറ്റി ഈ കന്പനിയുടെ വേറെ വലിയ വണ്ടി എടുക്കാൻ ചെന്നു. ഡിസ്കൗണ്ടായിട്ട് ചോദിച്ചത് ഇത്തിരി കൂടി പോയി. കന്പനി സമ്മതിച്ചില്ല.
പിന്നെ, എടുക്കാൻ പോയ വണ്ടിയെക്കുറിച്ചും ഭയങ്കര സംഭവമാണെന്ന് പറഞ്ഞ വണ്ടിയെക്കുറിച്ചും ഇഷ്ടൻ അങ്ങ് വിവരണം തുടങ്ങി. പറഞ്ഞ് പറഞ്ഞ് സംഭവം ആക്കിയ കന്പനിയും വണ്ടിയും ഇപ്പോൾ കൊള്ളില്ല.
ഇതിനിടെ, അത്യാവശ്യം നല്ല രീതിയിൽ വാഹനങ്ങളെക്കുറിച്ച് റിവ്യൂ ചെയ്യുന്ന ചിലരെ ഒപ്പമിരുത്തിയും ഈ വണ്ടിക്കെതിരേ കുറ്റം പറഞ്ഞു.
എന്തായാലും കന്പനി അധികൃതർ ഇഷ്ടന്റെ തനി സ്വഭാവം സോഷ്യൽ മീഡിയയിലൂടെ തന്നെ കൈകാര്യം ചെയ്തു.
ഇതിനിടയിൽ കോവിഡ്കാലത്ത് ജനപ്രതിനിധിക്കൊപ്പം കോവിഡ് ഇതുവരെ വരാത്തെ പ്രദേശത്തു ചുറ്റിക്കറങ്ങിയതും വിവാദമായിരുന്നു.
എന്തായാലും ഇവിടെയും വനവകുപ്പ് തന്നെയാണ് പ്രശ്നം ഉണ്ടാക്കിയതും. ഇതിനെ, ന്യായീകരിക്കാൻ യുട്യൂബിലൂടെ ശ്രമിച്ചെങ്കിലും കാര്യമായി ഒന്നും സംഭവിച്ചില്ല.
അടുത്തിടെ ഇഷ്ടൻ നടത്തിയ യാത്രയിൽ ലക്ഷങ്ങളുടെ ഒരു ഷോപ്പിംഗ് നടത്തുന്നതും സംഭവം ആണ്.
ഇതിനിടയിൽ ആയിരക്കണക്കിനു രൂപ വിലവരുന്ന അടിവസ്ത്രം വാങ്ങുന്നതും അതിനെക്കുറിച്ച് ലഘുവിവരണങ്ങൾ നല്കുന്നതും ഏറെ പരാമർശങ്ങൾക്കിടയാക്കിയിരുന്നു.
എന്തായാലും ലൈവ് ചെയ്യുന്ന ഇഷ്ടനു നിരവധി അക്കിടികൾ ഇങ്ങനെ പറ്റിക്കൊണ്ടേയിരിക്കുന്നു…