എം.വി. വസന്ത്
പാലക്കാട്: പ്രകൃതിയോട് ഇണങ്ങിച്ചേർന്നു നില്ക്കുന്ന ചിറ്റൂർ ഗവ. കോളജിന്റെ ജൈവ വൈവിധ്യത്തിനു വിനയായി യൂക്കാലിപ്റ്റസ്, അക്കേഷ്യ മരങ്ങൾ. പനവിത്തുകൾ നട്ടും കുളങ്ങൾ വീണ്ടെടുത്തും ജൈവ വൈവിധ്യ സംസ്കാരം വാർത്തെടുക്കുന്നതിൽ മുന്നേറുകയാണ് കോളജിലെ നാഷണൽ സർവീസ് സ്കീം വിദ്യാർഥികൾ. നാടിനും സമൂഹത്തിനും പുത്തൻ സന്ദേശങ്ങളുമായി മുന്നോട്ടുനീങ്ങുന്ന ഇക്കൂട്ടർക്കു മുന്നിൽ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ് മുന്നൂറിലധികം വരുന്ന യൂക്കാലി, അക്കേഷ്യ മരങ്ങൾ.
ചിറ്റൂർ ശോകനാശിനിപ്പുഴയോടു ചേർന്നു നില്ക്കുന്ന ഈ കാന്പസ് അക്ഷരാർത്ഥത്തിൽ പ്രകൃതിക്കൊപ്പമാണ്. 72 ഇനം പക്ഷിവർഗങ്ങളെയും ഇരുപതിനം പുല്ലുവർഗങ്ങളെയും നിരവധി ഒൗഷധസസ്യങ്ങളെയും വിവിധയിനം ചിത്രശലഭങ്ങളെയും ഇവിടെ വിദ്യാർഥികളും അധ്യാപകരും പരിസ്ഥിതിപ്രവർത്തകരും നടത്തിയ സർവേയിൽ കണ്ടെത്തിയിട്ടുണ്ട്.
കുരങ്ങും മയിലും കാന്പസിനോടു ചേർന്ന മരക്കൂട്ടങ്ങളിൽ ഇടംപിടിക്കുന്നതു സാധാരണ കാഴ്ച മാത്രം. കാട്ടുപന്നികളെ ശാപ്പിടാനെത്തിയ പുള്ളിപ്പുലിയുടെ കാൽപ്പാടും ഇവിടെ കണ്ടെത്തിയിരുന്നു..! ഈ ജൈവവൈവിധ്യ കലവറയുടെ ഉറവിടംതന്നെ ഇവിടത്തെ സമശീതോഷ്ണ കാലാവസ്ഥയാണ്. കഴിഞ്ഞ വർഷത്തെ ജൈവ വൈവിധ്യ ബോർഡിന്റെ അവാർഡ് നേടിയ നാഷണൽ സർവീസ് സ്കീം യൂണിറ്റിനു പക്ഷേ, വിലങ്ങുതടിയായി തീർന്നിരിക്കുകയാണ് ഇവിടത്തെ യൂക്കാലി, അക്കേഷ്യ മരങ്ങൾ.
ഇത്രയും മരങ്ങൾ വെട്ടാൻ അനുമതി നല്കേണ്ടതു വനംവകുപ്പാണ്. മറ്റു മരങ്ങൾ ഇതേസ്ഥലത്തു വച്ചുപിടിപ്പിച്ചാൽ അക്കേഷ്യ വെട്ടിമാറ്റാമെന്നാണ് വനംവകുപ്പ് പറയുന്നത്. മരം വളർന്നുവെന്ന് ഉറപ്പിച്ചാൽ മാത്രമേ വെട്ടിമാറ്റുകയുള്ളൂ. പക്ഷേ, മുപ്പതുവർഷത്തോളമായി വെള്ളവും വളവും ഉൗറ്റിവളർന്ന പ്രദേശത്ത് ഇനി എന്തു വളരാൻ..?
അക്കേഷ്യ, യൂക്കാലി മരങ്ങൾ വെട്ടിനീക്കാൻ ആരും മുൻകൈയെടുക്കുന്നില്ല എന്നതാണ് ഇവിടത്തെ പ്രധാന പ്രശ്നം. വനംവകുപ്പുകാരുടെ ഇടപെടലുണ്ടാകുമെന്നതാണ് എല്ലാവർക്കും വിലങ്ങുതടി. വികസനത്തിന്റെ മറവിൽ കെട്ടിടങ്ങൾ കൂടിവരികയാണ് കാന്പസിൽ. ഇതിനിടെയാണ് ഇൻഡോർ സ്റ്റേഡിയം എന്ന പ്രോജക്ട് വരുന്നത്. എട്ടുകോടി രൂപ ഇതിനായി അനുവദിച്ചും കഴിഞ്ഞു.
പക്ഷേ, സ്റ്റേഡിയത്തിനായി കണ്ടെത്തിയത് അക്കേഷ്യ കാടുകളായിരുന്നില്ല. കോളജ് ഗേറ്റിനോടു ചേർന്ന, മറ്റു മരങ്ങൾ നിബിഡമായ ഭാഗമാണ് കണ്ടെത്തിയിരിക്കുന്നത്. അക്കേഷ്യ മരങ്ങളില്ലാത്ത കാന്പസിലെ ഏക ഭാഗവും ഇതാണ്. സ്റ്റേഡിയം കോളജ് കാന്പസിലെ എവിടെ വേണമെങ്കിലും സ്ഥാപിക്കാമെന്നിരിക്കേ അക്കേഷ്യ മരങ്ങൾ ഒഴിവാക്കിയാണ് സ്ഥലം കണ്ടെത്തിയതെന്നതും വിചിത്രം.
വനവത്കരണത്തിന്റെ ഭാഗമായി 1980-കളിലാണ് കേരള വനം- വന്യജീവി വകുപ്പ് വിദേശമരമായ അക്കേഷ്യ നട്ടുപിടിപ്പിച്ചു തുടങ്ങിയത്. എട്ടുവർഷത്തിനുശേഷമാണ് ചിറ്റൂർ കോളജിൽ അക്കേഷ്യ മരങ്ങൾ നട്ടത്. പക്ഷേ, മുപ്പതുവർഷം കൊണ്ടു സ്വാഭാവിക വനത്തിന്റെ പ്രതീതിയുണ്ടാക്കി എന്നതല്ലാതെ മറ്റു ഗുണമൊന്നുമുണ്ടായില്ല.
ഭൂമിയിലെ ജലാംശം ഉൗറ്റിയെടുത്തതോടെ പ്രദേശത്തെ മണ്ണു പോലും പ്രയോജനമില്ലാത്തതായി. മുൻകാലങ്ങളിൽ ചിറ്റൂർപുഴ കവിഞ്ഞൊഴുകുന്പോൾ മണ്ണൊലിപ്പു തടയാനായിരുന്നു വനവത്കരണം നടത്തിയത്. പക്ഷേ, പുഴ മെലിഞ്ഞു വെള്ളമില്ലാതായതോടെ അക്കേഷ്യയുടെ പ്രാധാന്യവും നഷ്ടപ്പെട്ടിരിക്കുകയാണ്. അക്കേഷ്യ നീക്കം ചെയ്യണമെന്ന മന്ത്രിതല നിർദേശങ്ങളും മുഖ്യമന്ത്രിയുടെ ഉറപ്പുമുണ്ടെങ്കിലും ഇതു നടപ്പായിട്ടില്ല.
സംസ്ഥാനത്തെ പലയിടത്തും ഇതുതന്നെയാണ് അവസ്ഥ. സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ഇതിനായി ഫണ്ട് നീക്കിവച്ചിട്ടും അക്കേഷ്യ മരങ്ങൾ നീക്കംചെയ്യപ്പെടുന്നില്ല എന്നതാണ് യാഥാർഥ്യം.