ഭീഷണിപ്പെടുത്തി അശ്ലീലച്ചിത്രത്തില് അഭിനയിപ്പിച്ചെന്ന യുവാവിന്റെ പരാതിയ്ക്കു പിന്നാലെ ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ട് നിര്‍മാതാക്കള്‍.
തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ 26 വയസ്സുകാരനാണ് ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കും എതിരെ പോലീസില്‍ പരാതി നല്‍കിയത്.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് കരാറില്‍ കുടുക്കി ഭീഷണിപ്പെടുത്തി ചതിച്ചെന്നായിരുന്നു പരാതി.
മുഖ്യമന്ത്രി പിണറായി വിജയനും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു.
ദീപാവലി ദിവസം റിലീസ് ചെയ്യുന്ന ചിത്രം തടഞ്ഞില്ലെങ്കില്‍ ആത്മഹത്യയല്ലാതെ മറ്റു വഴിയില്ലെന്നും തന്നെ രക്ഷിക്കണമെന്നുമായിരുന്നു യുവാവിന്റെ അഭ്യര്‍ഥന.
പ്ലേസ്റ്റോറില്‍ ലഭ്യമാകുന്ന, പ്രായപൂര്‍ത്തിയായവര്‍ക്കുവേണ്ടിയുള്ള ഒരു സിനിമാ പ്ലാറ്റ്ഫോമിലേക്കുവേണ്ടിയാണ് യുവാവിനെ അഭിനയിപ്പിച്ചത്.
ഒരു സീരിസില്‍ അഭിനയിപ്പിക്കാനെന്നു പറഞ്ഞ് സുഹൃത്തുമായി ബന്ധപ്പെട്ട ശേഷം അരുവിക്കരയിലെ ഒറ്റപ്പെട്ട സ്ഥലത്തെ ഒരു അപ്പാര്‍ട്ട്മെന്റില്‍ വച്ചായിരുന്നു ചിത്രീകരണം.
അശ്ലീല ചിത്രമാണെന്ന് യുവാവിനോട് പറഞ്ഞിരുന്നില്ല. ആദ്യ കുറച്ചു ഭാഗങ്ങള്‍ ചിത്രീകരിച്ച ശേഷം യുവാവിനെകൊണ്ട് കരാറില്‍ ഒപ്പുവയ്പ്പിച്ചു. ആദ്യമായി നായകനാകുന്നതിന്റെ ടെന്ഷനില് കരാര്‍ പൂര്‍ണമായി വായിച്ചു നോക്കാന്‍ പറ്റിയില്ലെന്ന് നടന് പറഞ്ഞു.
ശേഷം അശ്ലീല ചിത്രമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയായിരുന്നു. അഭിനയിക്കില്ലെന്നു പറഞ്ഞപ്പോള്‍ അഞ്ചുലക്ഷം നഷ്ടപരിഹാരമായി നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടു.
ഇതേത്തുടര്‍ന്നാണ് യുവാവിന് സമ്മര്‍ദ്ദത്തിനു വഴങ്ങി അഭിനയിക്കേണ്ടി വന്നത്. ചിത്രീകരണം കഴിഞ്ഞ ശേഷം പ്രതിഫലമായി 20,000 രൂപ ഓണ്‍ലൈന്‍ പേയ്മെന്റ് വഴി നല്‍കിയിരുന്നു.
എന്നാല്‍, ഒപ്പുവച്ച കരാര്‍ രണ്ടുദിവസത്തിനകം നല്‍കാമെന്നു പറഞ്ഞെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല. കരാര്‍ ആവശ്യപ്പെട്ട് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ എടുത്തില്ല.
ഇപ്പോള്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് യുവാവ് പറയുന്നു. ഇന്നലെ ആത്മഹത്യക്കു ശ്രമിച്ചു. പോലീസാണു പിന്തിരിപ്പിച്ചതെന്നും യുവാവ് പറഞ്ഞു.
അതിനിടെ യുവനടന് അശ്ലീല ഒടിടി സീരീസിന്റെ കരാറില്‍ ധാരണയാവുന്നതിന്റെ വീഡിയോ ഒടിടിക്കാര്‍ പുറത്തുവിട്ടു.
ചിത്രത്തില്‍ പൂര്‍ണനഗ്നനായി അഭിനയിക്കേണ്ടി വന്നുവെന്നാണ് യുവാവ് പറയുന്നത്.
എന്നാല്‍ 90 ശതമാനം വരെ നഗ്നനായി ചിത്രത്തില്‍ അഭിനയിക്കാമെന്നായിരുന്നു കരാറെന്ന് ചിത്രത്തിന്റെ സംവിധായക പ്രതികരിച്ചു.
മലയാളം ഉള്‍പ്പെടെ അഞ്ചു ഭാഷകളില്‍ ഇറക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകള്‍ ടെലഗ്രാമില്‍ ഉള്‍പ്പെടെ എത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വീട്ടുകാരും യുവാവിനെ കയ്യൊഴിഞ്ഞു.
കൊച്ചിയില്‍ സുഹൃത്തിന്റെ വീട്ടിലാണ് യുവാവ് ഇപ്പോള്‍ കഴിയുന്നത്. കഴിഞ്ഞ ഏഴു വര്‍ഷമായി സിനിമാ-സീരിയല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് യുവാവ്.