പോലീസിനെക്കൊണ്ട് എന്തിനുകൊള്ളാം എന്നു ചോദിക്കരുത്. അങ്ങ് കോട്ടയം ഏറ്റുമാനൂരില്‍ കമിതാക്കളെ രക്ഷിച്ച് വീരന്മാരായിരിക്കുകയാണ് പോലീസ്. വീട്ടുകാരെ വിളിച്ചുപറഞ്ഞശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിനെയും യുവതിയെയുമാണ് പോലീസ് അതിസാഹസികമായി രക്ഷപ്പെടുത്തിയത്.
തൃശൂരില്‍ ബിഡിഎസ് വിദ്യാര്‍ഥിനിയായ കോഴിക്കോട് സ്വദേശിയാണ് യുവതി. ഇവരുടെ അമ്മയുടെ സഹോദരിയുടെ മകനാണ് കണ്ണൂര്‍ സ്വദേശിയായ യുവാവ്. ഇയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവ് ഭാര്യയോടും കുട്ടിയോടുമൊപ്പം ഏറ്റുമാനൂരിലാണ് താമസിക്കുന്നത്. തൃശൂരില്‍ നിന്നും യുവാവിനെ തേടി യുവതി തിങ്കളാഴ്ചയാണ് ഏറ്റുമാനൂരില്‍ എത്തിയത്. ഇരുവരും ചേര്‍ന്ന് ഹോട്ടലില്‍ മുറിയെടുത്തു. യുവതി വീട്ടുകാരെ ഫോണില്‍ വിളിച്ച് തങ്ങള്‍ ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ എസ്ഐ ആയ ബന്ധുവിനെ വീട്ടുകാര്‍ വിവരമറിയിച്ചു. യുവതിയുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ യുവതി ഏറ്റുമാനൂരില്‍ ഉണ്ടെന്ന് മനസിലാക്കുകയും ഏറ്റുമാനൂര്‍ പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. ഏറ്റുമാനൂരിലെ മുഴുവന്‍ ഹോട്ടലുകളിലും ലോഡ്ജുകളിലും അന്വേഷണം നടത്തിയ പോലീസ് വൈക്കം റോഡിലെ ഹോട്ടലില്‍ നിന്നും ഇവരെ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാവിലെ 8.30ന് വൈക്കം റോഡിലെ ഹോട്ടലില്‍ നിന്നാണ് ഏറ്റുമാനൂര്‍ പോലീസ് ഇവരെ കണ്ടെത്തിയത്. ഇരുവരും അമിതമായ അളവില്‍ പാരസെറ്റമോള്‍ ഗുളിക കഴിച്ച നിലയിലായിരുന്നു. യുവാവിന്റെ ഭാര്യയുടെ പരാതിയില്‍ കമിതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ടെന്നാണ് വിവരം.