മക്കള്‍ സെല്വന് വിജയ് സേതുപതിയുടെ പുതിയ ചിത്രം 96 മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടയില്‍ ചിത്രത്തിനെതിരെ ഒരു ഗുരുതര ആരോപണവുമായി യുവ ചലച്ചിത്ര പ്രവര്ത്തകന് രംഗത്തെത്തി. നാലഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രത്തിന്റെ നിര്‍മ്മാതാവിനോട് താന്‍ ഈ കഥ പറഞ്ഞിരുന്നുവെന്നും അത് മോഷ്ടിച്ചാണ് 96 നിര്‍മ്മിച്ചതെന്നുമാണ് വിച്ചു എന്ന യുവാവ് ആരോപിച്ചിരിക്കുന്നത്. ആരോപണം ഉന്നയിച്ച് ഇയാള്‍ ഫേസ്ബുക്കില്‍ കുറിപ്പും ഇട്ടു.
വിച്ചുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ…96 എന്ന സിനിമ എന്റെ കഥയാണ്. അക്ഷരാര്‍ത്ഥത്തില്‍ എന്റെ കഥ. ഞാന്‍ ജീവിച്ച എന്റെ കഥ. നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ചിത്രത്തിന്റെ നിര്‍മാതാവായ നന്ദഗോപാലിനോട് ഞാന്‍ ഈ കഥ പറഞ്ഞിരുന്നു. ഇക്കാര്യം ഇപ്പോള്‍ പറയുന്നത് വെറും പ്രശസ്തിക്കു വേണ്ടിയല്ല. എനിക്കും എന്റെ കുടുംബത്തിനും അത് ആവശ്യമില്ല. ജനങ്ങള്‍ ഇത് അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. തമിഴ് സിനിമാലോകം എത്രത്തോളം അധപതിച്ചതാണെന്ന് ജനങ്ങള്‍ മനസിലാക്കണം.’ കഴിവുള്ളവര്‍ക്ക് അവസരം നല്‍കില്ല.
മറിച്ച് അത്തരം ആളുകളില്‍ നിന്ന് മോഷ്ടിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഛായാഗ്രഹകനായ ചിത്രത്തിന്റെ സംവിധായകന് പ്രേമിനെ ഞാന്‍ വെല്ലുവിളിക്കുന്നു. ഈ കഥ ഞാന്‍ വീണ്ടും സിനിമയാക്കും.നിങ്ങളുടെ സിനിമയേക്കാള്‍ വലുതും മികച്ചതും ആയിരിക്കും ആ ചിത്രം. ഒരു പക്ഷേ, ഇക്കാര്യം നിങ്ങളുടെ ചെവിയില്‍ എത്തില്ലായിരിക്കാം. എന്നാല്‍ നിങ്ങളെക്കാള്‍ മികച്ചത് ഞാനാണെന്ന് തെളിയിച്ചതിനു ശേഷം ഇത് ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചു തരാം. നിര്‍മാതാവ് നന്ദഗോപാലിനും സംവിധായകന് പ്രേമിനും നന്ദിയുണ്ട്. നിങ്ങളെപ്പോലെയുള്ളവര്‍ ഇല്ലായിരുന്നെങ്കില്‍ എന്റെ ഊര്‍ജം നശിച്ചു പോയേനെ!’