പ്രസവത്തെതുടര്‍ന്ന് മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ച യുവതിയുടെ നവജാത ശിശുമരണപ്പെട്ടതു തലയ്ക്കടിയേറ്റാണെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ഇന്നു നവജാതശിശുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തും. സംഭവത്തെ തുടര്‍ന്ന് യുവതിക്കെതിരെ പോലീസ് കേസ് എടുത്തു. തിരുവല്ല പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ താമസിക്കുന്ന അവിവാഹിതയായ 27കാരി യുവതിക്കെതിരെയാണ് പോലീസ് കേസ് എടുത്തത്.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം രക്തസ്രാവത്തെ തുടര്‍ന്നാണ് യുവതിയെ കോട്ടയം മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ യുവതി പ്രസവിച്ചതായി ഡോക്ടര്‍മാര്‍ വിലയിരുത്തി. ഇതിനിടയില്‍ ഇന്നലെ രാവിലെ യുവതിയുടെ പിതാവ്, ഒരു നവജാത ആണ്‍കുട്ടിയുടെ മൃതദേഹം ബക്കറ്റിനുള്ളിലാക്കി മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗത്തില്‍ എത്തി. വിവരമറിഞ്ഞ ഡോക്ടര്‍മാര്‍ ആര്‍എംഒ ഡോ. ആര്.പി. രഞ്ചനെ വിവരം അറിയിച്ചു.
ആര്‍എംഒ നടത്തിയ പരിശോധനയിലാണ് യുവതിയുടേതാണ് മരണപ്പെട്ട നവജാത ശിശുവെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് വിവരം ഗാന്ധിനഗര്‍ പോലീസില്‍ അറിയിച്ചു. പോലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് യുവതി വിവരങ്ങള്‍ പറയുന്നത്. കഴിഞ്ഞദിവസം യുവതി വീടിനുള്ളിലെ കക്കൂസില്‍ പ്രസവിക്കുകയായിരുന്നു. ഈ വിവരം പോലും രക്ഷിതാക്കളില്‍ നിന്നും മറച്ചു വയ്ക്കുകയായിരുന്നുവെന്നു യുവതി പോലീസിനോട് പറഞ്ഞു. വയറിന് നീര് ആയിരുന്നതുകൊണ്ടാണ് ഇങ്ങനെ വീര്ത്തിരുന്നതെന്നും യുവതി പറഞ്ഞിരുന്നു. പ്രസവശേഷം യുവതിക്ക് രക്തസ്രവം ഉണ്ടാകുകയും തുടര്‍ന്ന് തിരുവല്ലയിലും പിന്നീട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.