ഫേസ്ബുക്ക് മൂലം ഒരു ജീവന് രക്ഷപ്പെട്ടു. തൊടുപുഴ സ്വദേശിനിയായ യുവതിയാണ് ആത്മഹത്യ ചെയ്യുകയാണെന്ന പേസ്റ്റ് ഇട്ടശേഷം ആത്മഹത്യ ചെയ്യാനായി ഉറക്കഗുളിക കഴിച്ചത്. തിങ്കളാഴ്ച രാത്രിയാണു തൊടുപുഴ സ്വദേശിനിയായ യുവതി ഫേസ്ബുക്കില്‍ പോസ്റ്റിട്ട ശേഷം ആത്മഹത്യയ്ക്കൊരുങ്ങിയത്. നൃത്തവിദ്യാലയത്തിലെ അധ്യാപികയാണ് യുവതി. ഇവിടെ നൃത്തം അഭ്യസിക്കുന്ന പെണ്‍കുട്ടിയുടെ അച്ഛന് വഴക്കുപറഞ്ഞതാണത്രേ മരിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. തന്നെ അറിയിക്കാതെ മകളെയും കൊണ്ടു യുവതി സിനിമയ്ക്കു പോയതിനാലാണു ശകാരിച്ചത്.
മനസു വേദനിച്ചെന്നും മരിക്കാന്‍ പോകുകയാണെന്ന പോസ്റ്റ് യുവതിയുടെ സുഹൃത്തായ പോലീസുകാരന് കണ്ടു. എറണാകുളം സിറ്റി എആര്‍ ക്യാംപിലെ എഎസ്ഐ കെ.ഹരികുമാറാണ് പോസ്റ്റ് കണ്ടത്. ഇതോടെ സംഭവം വഴിത്തിരിവിലെത്തി. യുവതിയെ ഫോണിലേക്കു വിളിച്ചെങ്കിലും സ്വിച്ചോഫ് എന്നായിരുന്നു മറുപടി. അതോടെ ഹരികുമാര്‍ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് എടുത്ത് ആലപ്പുഴ എസ്പി ഓഫീസിലെ എഎസ്ഐ കെ.വി.ജയചന്ദ്രനും എസ്പിയുടെ ഗണ്മാന് മനോജിനും തുടര്‍ന്ന് ഇടുക്കി എസ്പിയുടെ ഗണ്മാന് തോമസിനും വാട്ട്സാപ്പ് വഴി വിവരം കൈമാറി. തോമസ് ഇടുക്കി എസ്പിക്കും തൊടുപുഴ എസ്ഐക്കും വാട്ട്സാപ്പ് വഴി സന്ദേശം നല്കി.
തൊടുപുഴ എസ്ഐ യുവതിയുടെ വീട്ടിലെത്തുമ്പോഴേക്കും യുവതി ഉറക്ക ഗുളിക കഴിച്ചിരുന്നതായി പോലീസ് പറഞ്ഞു. യുവതിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികില്‍സ നല്‍കിയശേഷം കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി. രസകരമായ കാര്യം യുവതിയുടെ വീട്ടുകാര്‍ ഇതേക്കുറിച്ച് അറിയുന്നത് പോലീസ് അന്വേഷിച്ച് വീട്ടിലെത്തുമ്പോഴായിരുന്നു. യുവതി ഇത്തരമൊരു സാഹസം കാണിച്ചതിന്റെ ഞെട്ടലിലാണ് ബന്ധുക്കള്‍.