ബലാത്സംഗത്തിനിടെ അക്രമികള്‍ കൈ വെട്ടിമാറ്റുക, പിന്നീട് പോലീസില്‍ മൊഴി നല്കിയപ്പോള് ട്രെയിനിടിച്ച് കൈ അറ്റുപോയതാണെന്ന് പറയുക. ഇന്ത്യയില്‍ മാത്രം സംഭവിക്കുന്നതായിരിക്കും ഇത്തരം കാര്യങ്ങള്‍. ക്രമസമാധാനം തോന്നിയപോലെയായ ഉത്തര്‍പ്രദേശില്‍ നിന്നാണ് ഈ വാര്‍ത്തയും വരുന്നത്. ആഗ്രയ്ക്കടുത്തുള്ള എതിമദ്പുരിലാണു സംഭവം. പതിനാറുവയസുള്ള പെണ്‍കുട്ടി വീടിനു പുറത്തു പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പോകുമ്പോള്‍ ആക്രമിക്കപ്പെട്ടത്. വീട്ടില്‍ ശോചനാലയം ഇല്ലാത്തതിനാല്‍ സമീപത്തെ വയലിലാണ് പ്രാഥമികാവശ്യത്തിനു പോകുന്നത്.
സംഭവദിവസം പെണ്‍കുട്ടി മാതാവിനൊപ്പം വയലില്‍ പോയപ്പോള്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ ആക്രമിച്ചെന്നും ബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിച്ചെന്നുമാണ് പെണ്‍കുട്ടി ആദ്യം പറഞ്ഞത്. പീഡിപ്പിക്കാനുള്ള ശ്രമം ചെറുത്തപ്പോള്‍ കൈയിലിരുന്ന ആയുധം കൊണ്ട് കൈ വെട്ടി മാറ്റിയത്രേ. നാട്ടുകാരടക്കം എത്തിയാണ് പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. വിദഗ്ധചികിത്സയ്ക്കുശേഷം മടങ്ങിയെത്തിയപ്പോള്‍ പോലീസ് മൊഴിയെടുക്കാനായി ആശുപത്രിയിലേക്കു വിളിച്ചു.
മൊഴിയെടുക്കുന്ന സമയത്താണ് പെണ്‍കുട്ടിയും അമ്മയും മൊഴിമാറ്റിയത്. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരുന്നപ്പോള്‍ സമീപത്തെ റെയില്‍വേ ട്രാക്കിലൂടെ അതിവേഗത്തില്‍ കടന്നു വന്ന ട്രെയിന്‍ തട്ടുകയായിരുന്നെന്നും കൈ അറ്റുപോവുകയായിരുന്നെന്നുമാണു മൊഴി നല്‍കിയത്. ഇതേത്തുടര്‍ന്നു പെണ്‍കുട്ടി അപകടത്തില്‍പെട്ടെന്ന പേരില്‍ ഒരു കേസ് മാത്രമാണു പൊലീസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടി മൊഴി മാറ്റിയതിനു പിന്നില്‍ അക്രമികളുടെ ഭീഷണിയാണെന്നും അതല്ല വീട്ടുകാര്‍ പണംവാങ്ങി മൊഴി മാറ്റിയതാണെന്നുമാണ് അയല്‍ക്കാര്‍ പറയുന്നത്.