ഉജ്ജയിന്‍: ഇന്ത്യയില്‍ സാധാരണമായി ക്രിക്കറ്റ് താരങ്ങള്‍ക്കും സിനിമാതാരങ്ങള്‍ക്കുമാണ് പെണ്‍കുട്ടികള്‍ക്കിടയില്‍ ഡിമാന്‍ഡ്. സുന്ദരന്മാരായ താരങ്ങളോടുള്ള ആരാധന പലപ്പോഴും പരിധികള്‍ ലംഘിക്കാറുമുണ്ട്.
എന്നാല്‍ മധ്യപ്രദേശിലുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥനും ഇതേ പ്രശ്‌നമാണ് അനുഭവിക്കുന്നത്. മധ്യപ്രദേശിലെ പോലീസ് സൂപ്രണ്ട് സച്ചിന്‍ അതുല്‍ക്കറിനാണ് ഇത്തരത്തില്‍ സൗന്ദര്യം ശാപമായി മാറിയത്. സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന സച്ചിന്‍ അതുല്‍ക്കര്‍ ഐപിഎസിന്റെ ചിത്രങ്ങള്‍ കണ്ട് ആരാധനമൂത്ത പെണ്‍കുട്ടിയാണ് പോലീസിനെ വട്ടം ചുറ്റിക്കുന്നത്.
മൂന്ന് ദിവസം മുമ്പാണ് 27കാരിയായ പെണ്‍കുട്ടി പഞ്ചാബില്‍ നിന്നും തന്റെ സങ്കല്‍പ്പത്തിലുള്ള നായകനെത്തേടി ഉജ്ജയിനിയിലെത്തിയത്. തുടര്‍ന്ന് ഈ പെണ്‍കുട്ടി എസ്പിയെ കാണുന്നതിന് ഓഫീസിലും പരിപാടിയില്‍ പങ്കെടുക്കുന്ന സ്ഥലങ്ങളിലും എത്തി. ഇവര്‍ ഒന്നിനും വഴങ്ങാത്ത ഒരാളാണെന്നും വനിതാ പോലീസ് സ്റ്റേഷന്‍ ചാര്‍ജ്ജുള്ള രേഖ വര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു.
പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ വീട്ടിലേക്ക് മടങ്ങാന്‍ പെണ്‍കുട്ടി കൂട്ടാക്കുന്നില്ലെന്നും രേഖ വര്‍മ്മ പറഞ്ഞു. അതുലിനെ കണ്ടശേഷം മാത്രമേ തിരികെ പോകുകയുള്ളൂ എന്ന നിലപാടിലാണ് യുവതി. മനശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിനിയാണ് ഇവര്‍ എന്നും പോലീസ് വ്യക്തമാക്കി.
ഇവര്‍ക്ക് പലതരത്തിലുള്ള കൗണ്‍സിലിംഗും നല്‍കിയെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്ന് പോലീസ് പഞ്ചാബിലേക്കുള്ള ട്രെയിന്‍ കയറ്റി വിടുന്നതിനായി നഗ്ഡ സ്റ്റേഷനില്‍ എത്തിച്ചുവെങ്കിലും ട്രെയിനില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഇപ്പോള്‍ കൗണ്‍സിലര്‍മാരുടെ സഹായത്തോടെ അവര്‍ ചോദിക്കുന്ന ഭക്ഷണം നല്‍കി വരികയാണ്. രണ്ടു ദിവസത്തിനകം ഇവരെ കൊണ്ടു പോകുന്നതിനായി മാതാപിതാക്കള്‍ എത്തുമെന്ന് പോലീസ് ഉദ്യോഗസ്ഥ പറഞ്ഞു.
സച്ചിന്‍ മുമ്പ് സാഗര്‍ ജില്ലയില്‍ എസ്പി ആയിരുന്ന സമയത്ത് ഓട്ടോഗ്രാഫ് കിട്ടിയാല്‍ മാത്രമെ ഭക്ഷണം കഴിക്കു എന്ന് ഒരു പെണ്‍കുട്ടി വാശി പിടിച്ച സംഭവവും ഉണ്ടായിരുന്നു. ഭഗല്‍പൂര്‍ എന്ന ചെറുഗ്രാമത്തില്‍ നിന്നും പഠിച്ചു വന്ന സച്ചിന്‍ 2007 ഐപിഎസ് ബാച്ചുകാരനാണ്.
സമൂഹമാധ്യമത്തില്‍ പല താരങ്ങളെയും വെല്ലുന്ന വിധത്തിലാണ് ആരാധകരുള്ളത്. സച്ചിന്റെ ഫോട്ടോകള്‍ക്ക് ലഭിക്കുന്ന ലൈക്കും കമന്റും കണ്ടാല്‍ മനസിലാകും അദ്ദേഹത്തിന്റെ ജനപ്രീതി. ദിവസവും 70 മിനിട്ട് സമയത്തോളം സച്ചിന്‍ ജിമ്മില്‍ സമയം ചെലവഴിക്കും. 34കാരനായ സച്ചിന്‍ അവിവാഹിതനാണെന്നതും ആരാധകരായ പെണ്‍കുട്ടികള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.