നീര ടാപ്പിംഗിലൂടെ മെച്ചപ്പെട്ട വരുമാനം നേടുകയാണ് യുവാവ്. കൈപ്പുഴ നാളികേരോത്പാദക കമ്പനിയുടെ കീഴില്‍ നീര ടാപ്പ് ചെയ്യുന്ന അനറോള്‍ അബ്ദുള്‍ റസാഖ് ഈ കഴിഞ്ഞ നവംബറില്‍ കമ്പനിയില്‍ നിന്നും കൈപ്പറ്റിയ വേതനം 54,500 രൂപയാണ്. നീര ടാപ്പിംഗ് മേഖലയിലെ റിക്കാര്‍ഡാണിത്. തെങ്ങു കയറ്റത്തിലോ, ടാപ്പിംഗിലോ, യാതൊരു മുന്‍പരിചയവും ഇല്ലാതെ നീര ടെക്‌നീഷ്യന്‍ ട്രെയിനിംഗിനു എത്തിയ അനറോള്‍ കൃത്യനിഷ്ഠമായ പരിശീലനത്തിലൂടെയും, നിരീക്ഷണത്തിലൂടെയും അര്‍പ്പണ ബോധത്തിലൂടേയുമാണ് ഈ നേട്ടത്തിലേക്ക് ഉയര്‍ന്നത്. ഇതിനു മുമ്പുള്ള മാസങ്ങളില്‍ 44000 രൂപയോളം വരുമാനം ഇദ്ദേഹം നേടിയിരുന്നു.
ടാപ്പ് ചെയ്‌തെടുക്കുന്ന നീരയുടെ അളവിനു അനുസരിച്ചാണ് നീര ടെക്‌നീഷ്യന്റെ വേതനം നിശ്ചയിക്കുന്നത്. ലിറ്ററിനു നാല്‍പത് രൂപയാണ് കൈപ്പുഴ കമ്പനി നീര ടെക്‌നീഷ്യന്മാര്‍ക്കു നല്‍കുന്നത്. അനറോള്‍ ദിവസവും 45 ലിറ്ററോളം നീര ടാപ്പ് ചെയ്യുന്നു. ഇതിനായി ദിവസവും അദ്ദേഹം കയറുന്ന തെങ്ങുകളുടെ എണ്ണം വെറും 10 മാത്രം. അധികം നീര ഉത്പാദിപ്പിക്കുന്ന തെങ്ങുകളെ തെരഞ്ഞെടുത്ത്, ശാസ്ത്രീയമായി, ശുചിത്വത്തോടെ ടാപ്പ് ചെയ്യുന്നതാണ് അനറോളിന്റെ വിജയ രഹസ്യം.