ഭീകരര്‍ കൊന്നുതള്ളിയത് ഭാവിയുടെ വാഗ്ദാനത്തെ! ഫയാസ് സൈനിക മേധാവിവരെയാകേണ്ടിയിരുന്ന ആളെന്ന് റിപ്പോര്‍ട്ട്; ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍

umar-fayasഭീകരര്‍ തട്ടിക്കൊണ്ടുപോയി മൃഗീയമായി കൊലപ്പെടുത്തിയ 23 കാരനായ ലഫ്. ഉമര്‍ ഫയാസ് ഭാവിയില്‍ രാജ്യത്തെ സൈനിക മേധാവി വരെയാകാന്‍ സാധ്യതയുണ്ടാവുമായിരുന്ന ചെറുപ്പക്കാരനാണെന്ന് റിപ്പോര്‍ട്ട്. ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലേയും പൂണെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെയും പരിശീലനത്തിനു ശേഷം അഞ്ചു മാസങ്ങള്‍ക്കു മുന്‍പാണ് ഫയാസ് സൈന്യത്തിന്റെ രജപുത്ര റൈഫിള്‍സ് വിഭാഗത്തില്‍ ജോയിന്‍ ചെയ്തത്. ജമ്മു കാശ്മീരിലെ അഖ് നൂര്‍ സെക്ടറിലായിരുന്നു ആദ്യ പോസ്റ്റിംഗ്. ഐഎഎസ്, ഐപിഎസ് പോലെ സൈന്യത്തിലെ ഉന്നത റാങ്കിലേക്ക് നേരിട്ട് നടക്കുന്ന റിക്രൂട്ട്‌മെന്റാണിത്. ചെറുപ്രായത്തില്‍ ഐപിഎസ് നേടുന്ന യുവാക്കള്‍ക്ക് ഡിജിപിയായി വിരമിക്കാന്‍ കഴിയുന്നത് പോലെ, വരുന്ന ജൂണ്‍ എട്ടിന് 23 തികയുന്ന ലഫ്. ഫയാസിനും സൈനിക ജനറല്‍ ആകാനുള്ള സാധ്യതകള്‍ ഏറെയായിരുന്നു. ആ പ്രതീക്ഷകളെയാണ് ഒരു സംഘം ഭീകരര്‍ ഇപ്പോള്‍ തല്ലിക്കെടുത്തിയിരിക്കുന്നത്.

ആദ്യ അവധിക്കായി സ്വന്തം ഗ്രാമത്തിലെത്തിയ ഫയാസിനെ ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുമ്പോഴായിരുന്നു സംഭവം. ഭീകരര്‍ വിട്ടയക്കുമെന്ന് കരുതി കുടുംബം പോലീസിനെയും സൈന്യത്തേയും അറിയിക്കാന്‍ വൈകിയതാണ് അബദ്ധമായത്. സ്വന്തം ഗ്രാമത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ഷോപ്പിയാനില്‍ നിന്നും ലഭിച്ച ഫയാസിന്റെ മൃതദേഹത്തില്‍ നിരവധി മുറുവുകളാണ് കണ്ടെത്തിയിരിക്കുന്നത്. താടിയിലും വയറിന്റെ ഭാഗത്തും വെടിയേറ്റ പാടുകളുണ്ട്. കൊല്ലുന്നതിന് മുമ്പ് ക്രൂര മര്‍ദ്ദനത്തിന് ഇരയായിരുന്നു എന്ന് വ്യക്തമാകുന്നതാണിത്. രണ്ട് ഇന്ത്യന്‍ സൈനികരുടെ തല പാക് സൈനികരും ഭീകരരും ചേര്‍ന്ന് വെട്ടിമാറ്റിയതിന് പിന്നാലെ ഉന്നതനായ യുവ സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടത് ഇന്ത്യന്‍ സേനയെ ആകെ രോഷാകുലരാക്കിയിട്ടുണ്ട്. തിരിച്ചടിക്കാന്‍ ഉത്തരവിനായി കാത്തു നില്‍ക്കുകയാണവര്‍.

തീരുമാനിച്ച സ്ഥലത്ത് തീരുമാനിക്കുന്ന സമയത്ത് തലയറുത്തതിന് തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന സൈന്യത്തിനു മേല്‍ ഫയാസിന്റെ കൊലപാതകത്തോടെ സമ്മര്‍ദ്ദവും വര്‍ദ്ധിച്ചിരിക്കുകയാണ്. ഉടന്‍ തിരിച്ചടിക്കണമെന്നും പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിക്കണമെന്നതുമാണ് സൈന്യത്തിന്റെ പൊതുവികാരം. ഇനിയും അവസരം കാത്ത് നില്‍ക്കേണ്ടതില്ലെന്ന അഭിപ്രായം മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കിടയില്‍ പോലും ഉയര്‍ന്നു കഴിഞ്ഞു. ഇതിനിടെ, ഫയാസിനെ കൊന്നവര്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് സൈനികര്‍ ശപഥമെടുക്കുകയും ചെയ്തിരുന്നു. കാശ്മീരിന്റെ പ്രിയപുത്രന്റെ ജീവത്യാഗം കണ്ടില്ലെന്ന് നടിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ലഫ്റ്റനന്റ് ജനറല്‍ കൃഷ്ണയും വ്യക്തമാക്കി. പ്രദേശത്തെ ജനങ്ങളും പ്രകോപിതരാണ്. ശക്തമായ തിരിച്ചടിയാണ് അവരും ആവശ്യപ്പെടുന്നത്. അതിര്‍ത്തിയില്‍ എന്തും സംഭവിക്കാമെന്ന സാഹചര്യമാണ് നിലവില്‍. ഇനി ഒരു ആക്രമണം അതെന്തായാലും ചെറുതാവില്ലെന്നാണ് സൈന്യത്തിന്റെ ഉറപ്പ്. ഇനി എന്തൊക്കെ ചെയ്താലും മരിച്ച സൈനികന്റെ ജീവനും ജീവിതവും തിരിച്ചുകിട്ടില്ല്‌ലോ എന്ന സങ്കടമാണ് എല്ലാവരെയും അലട്ടുന്നത്.

Related posts