സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ എന്തും ചെയ്യാന്‍ തയ്യാറാണ് ഇപ്പോഴത്തെ യുവജനങ്ങള്‍. പാഞ്ഞുവരുന്ന ബസിന്റെ മുമ്പില്‍ ചാടുകയും ആളുകളെ മനപൂര്‍വം ബൈക്കിടിപ്പിക്കുകയുമൊക്കെ ചെയ്ത് പ്രശസ്തരാകാന്‍ ശ്രമിക്കുന്ന പലരുമുണ്ട്. ഇത്തരക്കാര്‍ പലപ്പോഴും അപകടം ക്ഷണിച്ചു വരുത്താറുമുണ്ട്.
ഇപ്പോഴിതാ യുപിയിലെ ഗാസിയാബാദില്‍ കൂട്ടുകാരിയെ തോളിലിരുത്തി ബൈക്കോടിക്കുന്ന യുവതിയുടെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് അവര്‍ക്കു പിഴ നല്‍കിയിരിക്കുകയാണ് പൊലീസ്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിലായിരുന്നു യുവതിയുടെ അഭ്യാസം.
പൊതു നിരത്തിലെ ബൈക്ക് അഭ്യാസം, ട്രാഫിക് നിയമലംഘനം, ഹെല്‍മെറ്റ് ഇല്ലാതെയുള്ള ഡ്രൈവിങ്, അപകടകരമായ ഡ്രൈവിംഗ് തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് 11000 രൂപയാണ് പിഴ ചുമത്തിയത്.
അഭ്യാസം നടത്തിയ കൃത്യമായ സ്ഥലം പൊലീസിന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. യുവതികള്‍ ബൈക്കില്‍ ഈ അഭ്യാസം നടത്തുമ്പോള്‍ വഴിയിലൂടെ മറ്റു വാഹനങ്ങളും ആളുകളും പോകുന്നതും വിഡിയോയിലുണ്ട്. അതുകൊണ്ടുതന്നെയാണ് പൊലീസ് നടപടി കടുപ്പിക്കാന്‍ തിരുമാനിച്ചത്.