സംഭവം തൊടുപുഴയിലാണ്. തൊമ്മന്‍കുത്ത് കാണാന്‍ ബൈക്കില്‍ വന്നതാണ് ദമ്പതികള്‍. ബൈക്കില്‍ പോകുന്നതിനിടെ പാലത്തിലെ തൂണില്‍ ഇവര്‍ സഞ്ചരിച്ച ബൈക്കിടിച്ചു. യുവതി തെറിച്ചു പുഴയിലും വീണു. സമയം രാത്രി എട്ടുമണി കഴിഞ്ഞിരുന്നു. വെള്ളത്തില്‍ വീണ യുവതിക്കു ഭാഗ്യത്തിന് പുല്‍പ്പടര്‍പ്പില്‍ പിടുത്തംകിട്ടി.
ഭര്‍ത്താവ് ഭാര്യയെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. സംഭവം കേട്ടറിഞ്ഞെത്തിയ നാട്ടുകാര്‍ യുവതിയെ രക്ഷിക്കാന്‍വേണ്ടി പുഴയിലിറങ്ങി. എന്നാല്‍, അടുത്തെത്തിയതോടെ യുവതിയുടെ ഭാവം മാറി. ഭര്‍ത്താവല്ലാതെ ആരും തന്റെ ശരീരത്തില്‍ പിടിക്കരുത്. അതോടെ രക്ഷിക്കാന്‍ ഇറങ്ങിയവര്‍ ചമ്മി കരയ്ക്കുകയറി. എടീ അവരു രക്ഷിക്കാന്‍ വന്നതല്ലേ, ഒന്നു പിടിച്ചാല്‍ എന്താ കുഴപ്പം. ഭര്‍ത്താവിന്റെ അപേക്ഷ കേട്ടിട്ടും യുവതിയുടെ മനസലിഞ്ഞില്ല.
സീന്‍ നൈസായി പോകുന്നതിനിടെ യുവതിയുടെ അവസാന പിടിവള്ളിയായ പുല്‍പ്പടര്‍പ്പ് പറിഞ്ഞുപോയി. ഇങ്ങനെ പോയാല്‍ യുവതിയുടെ പണി തീരുമെന്ന ബോധ്യം വന്ന നാട്ടുകാരിലൊരാളായ പട്ടാളക്കാരന് പുഴയിലിറങ്ങി. ബഹളംവച്ചെങ്കിലും യുവതിയെ എടുത്തു തോളത്തിട്ടു കരയ്ക്കുകയറ്റി. പെങ്ങളെ മുങ്ങിച്ചാകാന്‍ തുടങ്ങുമ്പോള്‍ ഇതുപോലെ നിര്‍ബന്ധബുദ്ധി കാണിക്കല്ലേയെന്ന ഉപദേശവും നല്‍കിയാണ് രക്ഷകനും നാട്ടുകാരും മടങ്ങിയത്.