കേരള പോലീസിനോടാണോ കളി. അതിക്രമം നടത്തുന്നവരെ പൊക്കുമെന്ന് തീരുമാനിച്ചാല്‍ പൊക്കിയിരിക്കും. എറണാകുളം കാക്കനാട് പോലീസ് നടത്തിയത് അത്തരത്തിലൊരു സാഹസപ്രകടനമായിരുന്നു. പറവൂര്‍ മന്നത്തു നിന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയെ തേടിയാണ് പോലീസ് ജില്ലാ ആസ്ഥാനത്തെത്തിയത്. മഞ്ഞുമ്മല്‍ സ്വദേശി വിവേകിനെയാണ് (28) പോലീസ് ലക്ഷ്യംവച്ചത്. ഓണം പാര്‍ക്കിനു സമീപം കിളിയിങ്കല്‍ അലിയുടെ വീട്ടു വളപ്പിലെ കിണറ്റിന്‍കരയിലാണ് ഇന്നലെ രാത്രി എട്ടരയോടെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍വച്ച് വിവേക് സിവില്‍ ഡ്രസിലെത്തിയ പോലീസിനെ കണ്ടു. അതോടെ പേടിച്ചോടിയ വിവേക് അടുത്തുള്ള വീട്ടുമുറ്റത്തേക്ക് ഓടിക്കയറി. വീട്ടുമുറ്റത്തെ കിണറ്റിന്‍കരയിലെത്തിയ ഇയാള്‍ കിണറിന്റെ മൂടിമാറ്റി ചാടാന്‍ ശ്രമിച്ചു. പോലീസ് അതോടെ അടങ്ങി. നാട്ടുകാരും കൂടിയതോടെ വന്‍ജനസമുദ്രമായി. കിണര്‍ മൂടിയിരുന്ന ഇരുമ്പ് ഗ്രില്ല് ഉയര്‍ത്തി അതിനടിയിലൂടെ അരഭിത്തിയില്‍ കയറി രണ്ടു കാലും താഴേക്കിട്ട് ഇരിപ്പുറപ്പിച്ച യുവാവ് ബക്കറ്റിലെ കയറഴിച്ചു കഴുത്തിലും കെട്ടി. വീട്ടുകാര്‍ യുവാവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഇതോടെ ഫയര്‍ഫോഴ്‌സും രംഗത്തെത്തി. കിണറിലേക്കു ചാടുമെന്നു ഭീഷണിപ്പെടുത്തിയതിനാല്‍ ആരും യുവാവിനടുത്തേക്കു ചെന്നില്ല. അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഭീഷണിയില്‍ ഉറച്ചു നിന്നു.
ഇതിനിടെ യുവാവ് തന്റെ ആവശ്യം വിളിച്ചുപറഞ്ഞു. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കാം. പോലീസിന്റെ തലയില്‍ അപ്പോഴേക്കും ലഡു പൊട്ടി. ഒരാളെ മാധ്യമപ്രവര്‍ത്തകനായി പോലീസ് അവതരിപ്പിച്ചു. ഇയാള്‍ നല്ല സ്റ്റൈലായി വിവേകിന്റെ ഫോട്ടോ എടുക്കാന്‍ തുടങ്ങി. വിവേക് കൂടുതല്‍ സുന്ദരനായി ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ഇയാളെ കീഴടക്കുകയും ചെയ്തു. വിവേകും ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥാപന ഉടമയും കൂടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് കേസ്.