ഓണ്‍ലൈനില്‍ പോണോഗ്രഫി കാണുന്നവരാണെങ്കില്‍ കരുതിയിരുന്നോളൂ… ഇന്റര്‍നെറ്റില്‍ ചൈല്‍ഡ് പോണോഗ്രഫി കാണുന്നവരെ പോലീസ് കര്‍ശനമായി നിരീക്ഷിക്കാന്‍ തുടങ്ങിയതോടെ കുട്ടികളുടെ അശ്ലീലവീഡിയോ കണ്ട യുവാവ് റാന്നിയില്‍ അറസ്റ്റിലായിരിക്കുകയാണ്. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാര്‍ഡ് ഉപയോഗിച്ച് പണമടച്ച് കാണുകയും ഡൗണ്‍ലോഡ് ചെയ്ത് വാട്സാപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ റാന്നിയില്‍ അറസ്റ്റ് ചെയ്തു. ഉതിമൂട് മാമ്പറ പുത്തന്‍വീട്ടില്‍ വിഷ്ണു (20)വിനെയാണ് എസ്പി ജി ജയദേവ്, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര് ജോസ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷിച്ച് പിടികൂടിയത്.
ഇയാള്‍ ഇപ്പോള്‍ മന്ദിരംപടിയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. നേരത്തേ വിദേശത്ത് ജോലിയായിരുന്നു. നാട്ടിലെത്തി അല്ലറ ചില്ലറ ജോലികള്‍ ചെയ്തു ജീവിക്കുകയാണ്. നിരന്തരമായി പോണ് സൈറ്റ് സന്ദര്‍ശിക്കുന്ന വിഷ്ണു കുട്ടികളുടെ അശ്ലീല വീഡിയോകള്‍ മാത്രമാണ് കണ്ടിരുന്നത്. ഇവയെല്ലാം ഡൗണ്‍ലോഡ് ചെയ്ത് ഫോണ്‍ ഗാലറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പത്തു വയസില്‍ താഴെയുള്ള കുട്ടികളുടെ വീഡിയോകളാണ് അധികവും. സാമൂഹിക മാധ്യമങ്ങള്‍ വഴി വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു.
ഇത്തരം വീഡിയോകള്‍ നിരന്തരമായി കാണുന്നവരെ പൊലീസിന്റെ ഹൈടെക് സെല്ലും സൈബര്‍ ഡോമും നിരീക്ഷിച്ച് വരികയാണ്. ചൈല്‍ഡ് പോണ് വീഡിയോകള്‍ അപ് ലോഡ് ചെയ്യുന്നതും കാണുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും ജാമ്യമില്ലാ വകുപ്പ് അനുസരിച്ചുള്ള കുറ്റകൃത്യമാണ്. അഞ്ചു വര്‍ഷം വരെയാണ് ഇതിന് പരമാവധി ശിക്ഷ. രാജ്യാന്തര പൊലീസാണ് ഇത്തരക്കാരെ നിരീക്ഷിക്കുന്നത്. വീഡിയോകള്‍ നിരന്തരം കാണുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ വിവരവും ലൊക്കേഷനും അതാത് രാജ്യത്തിന് കൈമാറും. ഇത്തരത്തില്‍ സംസ്ഥാനത്ത് അറസ്റ്റിലാവുന്ന ആദ്യത്തെയാളാണ് വിഷ്ണു എന്നാണ് വിവരം. നിരവധി ആളുകള്‍ നിരിക്ഷണത്തിലുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.