വൈക്കം: കാമുകിയെ കാണാനായി കാറില്‍ പോകുന്നതിനിടെ അപകട പരമ്പര സൃഷ്ടിച്ച യുവാവിനെ പോലീസും നാട്ടുകാരും ചേര്‍ന്നു പിടികൂടി. എറണാകുളം ചെറായി സ്വദേശി വിഷ്ണു (21) വിനെയാണു പിടികൂടിയത്. തിങ്കളാഴ്ച്ച രാവിലെ എറണാകുളത്തുനിന്നും കാറില്‍ ഏറ്റുമാനൂരില്‍ പഠിക്കുന്ന കാമുകിയെ കാണാനാണ് ഇയാള്‍ വന്നത്. യാത്രയ്ക്കിടയില്‍ വൈക്കം വലിയോലയ്ക്കു സമീപത്ത് കീഴൂര്‍ സ്വദേശി അഖിലും ഭാര്യയും സഞ്ചരിച്ച ബൈക്കിലേക്കു കാര്‍ ഇടിച്ചുകയറി. അവിടെനിന്നു കാര്‍ നിര്‍ത്താതെ ഓടിച്ച പോയ ഇയാള്‍ കച്ചേരിക്കടവിനു സമീപം വച്ച് സൈക്കിളില്‍ സഞ്ചരിച്ച വിദ്യാര്‍ഥിനി കൊടിയാട് അനുരൂപ(13)യെ ഇടിച്ചു തെറിപ്പിച്ചു.
അപകടത്തില്‍ വിദ്യാര്‍ഥിനിയുടെ കൈയ്ക്ക് ഒടിവു സംഭവിച്ചു. പീന്നിടു ബുള്ളറ്റില്‍ വന്ന ചെമ്മനത്തുകര സ്വദേശി രതീനെയും ഇടിച്ചു വീഴ്ത്തി. ഇതോടെ നാട്ടുകാര്‍ ബൈക്കുകളില്‍ കാറിനെ പിന്തുടര്ന്നു. വലിയകവലയില്‍ എത്തിയപ്പോള്‍ കാറിനെ മറികടന്ന ബൈക്കുകാരനെയും ഇടിച്ചിട്ട് എറണാകുളം റൂട്ടില്‍ ഓടിച്ചുപോയി. ഇതോടെ പോലീസ് എല്ലാ സ്റ്റേഷനിലേക്കും വിവരം അറിയിച്ചു. മുറിഞ്ഞപുഴ ടോള്‍ ബൂത്തില്‍ എത്തിയപ്പോള്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ടോള്‍ ബൂത്തുകാര്‍ തടഞ്ഞതോടെ പണിപാളി.
പിടികൂടി ചോദ്യം ചെയ്തപ്പോള്‍ കാര്‍ മോഷണം പോയതാണെന്നു കഥ മെനഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ പോലീസ് യുവാവിന്റെ ഫോണ്‍ പരിശോധിച്ചു. ഫോണില്‍ ഓട്ടോമാറ്റിക് റിക്കാര്‍ഡും ഉണ്ടായിരുന്നു. കാര്‍ വൈക്കത്ത് ഇടിച്ചതായും വഴി അറിയാതെ കറങ്ങുകയാണെന്നും ഇനി കാണാന്‍ വരുന്നില്ലെന്നുമായിരുന്നു ഫോണിലെ സന്ദേശം. പോലീസ് ഈ സംഭാഷണം കേള്‍പ്പിച്ചതോടെ യുവാവ് കുറ്റംസമ്മതിച്ചു. കോയമ്പത്തൂരില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയാണെന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഇംഗ്ലീഷും മലയാളവും എഴുതാന്‍ പോലുമറിയില്ലെന്ന് യുവാവ് കരഞ്ഞുകൊണ്ട് പറഞ്ഞു.