ആലോചിച്ചുറപ്പിച്ച കല്യാണങ്ങള്‍ ഒട്ടുമിക്കതും കോവിഡ് കാലത്ത് അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ നടന്നെങ്കിലും ഒളിച്ചോടി കല്യാണം കഴിക്കാന്‍ പ്ലാനിട്ട പലര്‍ക്കും കോവിഡും ലോക്ക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധി ചെറുതല്ല.
ഒളിച്ചോടി കല്യാണം കഴിക്കാമെന്ന് വിചാരിച്ചാല്‍ പലയിടത്തും കണ്ടെന്റെമ്ന്റ് സോണും ക്ലസ്റ്ററും എല്ലാം ആയതോടെ നാടുചുറ്റും പൊലീസ് വളഞ്ഞിരിക്കുന്ന അവസ്ഥ. എവിടെ ഒളിച്ചോടി പോയാലും നാട്ടുകാര്‍ സംശയത്തോടെ നോക്കുന്ന അവസ്ഥയാണുള്ളത്.
ഈ കോവിഡ് കാലത്ത് ഏറെ സാഹസികമായി നടന്ന ഒരു ഒളിച്ചോട്ട കല്യാണത്തിന്റെ കഥയാണ് ഇപ്പോള്‍ വൈറലാകുന്നത്.
അങ്കമാലിയിലാണ് ഈ പുലിവാല്‍ കല്യാണം നടന്നത്. തുറവൂരില്‍ കണ്ടെയ്‌ന്മെന്റ് സോണില്‍ നിന്ന് ഒളിച്ചോടി വിവാഹം ചെയ്ത യുവാവിനെയും പെണ്‍കുട്ടിയെയും അറസ്റ്റ് ചെയ്തു.
കണ്ടെയ്‌ന്മെന്റ് സോണിന്റെ അകത്ത് കടന്നതിന് യുവാവിനെതിരെയും പുറത്തു കടന്നതിന് പെണ്‍കുട്ടിക്കെതിരേയുമാണ് കേസെടുത്തത്.
അറസ്റ്റ് ചെയ്ത ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു. തുറവൂര്‍ പഞ്ചായത്തില്‍ കണ്ടെയ്‌ന്മെന്റ് സോണായ നാലാം വാര്‍ഡിലാണ് സംഭവം. മൂന്നുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു.
യുവാവിന് 22 വയസാണ് പ്രായം. പെണ്‍കുട്ടിയ്ക്ക് 18 തികയാന്‍ കാത്തിരിക്കുമ്പോഴാണ് ലോക്ക്ഡൗണ്‍ വന്നത്. 18 വയസ് പൂര്‍ത്തിയായി മൂന്നുമാസം ആകാറായ പെണ്‍കുട്ടിയുടെ ഹയര്‍സെക്കന്‍ഡറിയുടെ പരീക്ഷാഫലം കൂടി വന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ശേഷം വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ താമസസ്ഥലം കണ്ടെയ്ന്‍മെന്റ് സോണായത്.
കണ്ടെയ്ന്‍മെന്റ് സോണില്‍ അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള വഴികള്‍ അടച്ചിരുന്നു. സദാസമയവും പോലീസ് നിരീക്ഷണവും ഉണ്ടായിരുന്നു. പൊലീസിന്റെ കണ്ണുവെട്ടിച്ച് അകത്തുകടന്ന യുവാവ് പുലര്‍ച്ചെ മൂന്നിന് പെണ്‍കുട്ടിയുമായി മുങ്ങുകയായിരുന്നു.
പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് ഇരുവരെയും കുറിച്ച് അന്വേഷണമാരംഭിച്ചത്. പരവൂരിലെ ക്ഷേത്രത്തില്‍ വച്ചാണ് ഇവര്‍ വിവാഹിതരായത്. തുടര്‍ന്ന് ഇരുവരും സുഹൃത്തിന്റെയും ബന്ധുവിന്റെയും വീടുകളില്‍ പോയി.