വിദേശത്ത് ജോലി ശരിയാക്കാമെന്നു പറഞ്ഞ് നിരവധി ആളുകളെ പറ്റിച്ച് ലക്ഷങ്ങള് തട്ടിയ 23കാരന് മുങ്ങി.ആലപ്പുഴ വള്ളിക്കുന്നം സ്വദേശി ശരച്ചന്ദ്രനെതിരേയാണ് വിവിധ സ്ഥലങ്ങളില് ഉദ്യോഗാര്ഥികള് പരാതിയുമായെത്തിയത്. ഏകദേശം അമ്പത് ആളുകളെ ഇയാള് തട്ടിപ്പിനിരയാക്കിയെന്നാണ് വിവരം. മൂന്നുമാസം മുമ്പാണ് പല വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് സിങ്കപ്പൂരിലേക്കും അബുദാബിയിലേക്കും തൊഴില്വിസ നല്കുമെന്ന സന്ദേശം വന്നത്. അതില്കണ്ട ഫോണ്നമ്പര് പ്രകാരം ശരച്ചന്ദ്രനെ ബന്ധപ്പെട്ടവരോട് 1,70,000 രൂപ വീതം വാങ്ങിച്ചു. പിന്നീട് എല്ലാവര്ക്കും ടിക്കറ്റും നല്കി.
ഇതുപ്രകാരം എറണാകുളത്തെത്തിയപ്പോഴാണ് ഈ ടിക്കറ്റ് വ്യാജമാണെന്നു മനസ്സിലാകുന്നത്. ഇതേത്തുടര്ന്ന് ശരച്ചന്ദ്രനെ വിളിച്ചെങ്കിലും ഉടന് ശരിയാക്കാമെന്നായിരുന്നു മറുപടി. വീട്ടിലേക്കു പോകാനാകാതെ ഒരുമാസം എറണാകുളത്ത് ഹോട്ടലില് തങ്ങിയവരുണ്ട്. പിന്നീട് ആര്ക്കും ഇയാളെ വിളിച്ചിട്ട് കിട്ടിയിട്ടില്ല. തട്ടിപ്പ് മനസ്സിലായതോടെ ചിലര് ശരച്ചന്ദ്രന്റെ വീട്ടില്പ്പോയി ബഹളമുണ്ടാക്കിയിരുന്നു. അയാളുടെ അമ്മയും സഹോദരിയും മാത്രമാണ് അവിടെ താമസം. അതിനാല് തന്നെ പിന്നീട് ആരും ബഹളത്തിന് മുതിര്ന്നില്ല.
ബഹളമുണ്ടാക്കിയ ചിലരുമായി ശരച്ചന്ദ്രന് ഫോണില് ബന്ധപ്പെട്ട് പണം തിരിച്ചുതരാമെന്നു പറഞ്ഞിരുന്നു. പക്ഷേ, ഇതുവരെ ആര്ക്കും പണം കിട്ടിയിട്ടില്ല. ഇയാള് മുങ്ങുകയുംചെയ്തു. തൃശ്ശൂര്, ആലപ്പുഴ, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ് ഇയാളുടെ തട്ടിപ്പിനിരയായത്. തിരൂര് സ്വദേശിയായ ഉദ്യോഗാര്ഥിയോട് സിങ്കപ്പൂരില് റിഗ്ഗില് ജോലി ശരിയാക്കാമെന്നുപറഞ്ഞാണ് പണം വാങ്ങിയത്. പരാതിയായതിനെത്തുടര്ന്ന് ഇത്രയും പണത്തിന് ചെക്കുനല്കി. ബാങ്കില് നല്കിയപ്പോഴാണ് അത് വണ്ടിച്ചെക്കാണെന്നു മനസ്സിലായത്. ഇക്കാര്യം കാണിച്ച് ഇയാള് തിരൂര് പോലീസില് പരാതി നല്കിയിട്ടുണ്ട്.