ഗോശ്രീ പാലത്തിൽ നിന്നും കൊച്ചി കായലിലേക്ക് ചാടിയെന്ന് പ്രചരണം നടത്തിയ യുവാവിനെ ഇന്ന് പോലീസ് കോടതിയിൽ ഹാജരാക്കും. കായലിലേക്കു ചാടിയെന്നു കരുതിയിരുന്ന മാലിപ്പുറം ഒലിയോവിനു പടിഞ്ഞാറ് താമസിക്കുന്ന നികത്തിത്തറ വിഷ്ണു(21 ) തിരിച്ചെത്തിയതിനെ തുടർന്നു ബന്ധുക്കൾ ഇയാളെ ഞാറക്കൽ പോലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു.
യുവാവിനുവേണ്ടി അഗ്നിശമന സേനയും പോലീസും തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇന്നലെ വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന ഇയാൾക്ക് വേണ്ടി തെരച്ചിൽ നടത്തുന്നതും പത്രവാർത്ത വന്നതും യുവാവ് അറിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിക്ക് ഗോശ്രീ രണ്ടാം പാലത്തിൽ നിന്നും വെള്ളത്തിൽ ചാടിയെന്നായിരുന്നു പ്രചരണം.
പാലത്തിൽ നിന്നും ലഭിച്ച ബാഗിൽ നിന്നും കണ്ടെടുത്ത ഡ്രൈവിംഗ് ലൈസൻസിലെ പേര് കണ്ടെത്തിയാണ് പോലീസ് ആളെ തിരിച്ചറിഞ്ഞത്. എന്നാൽ യഥാർഥത്തിൽ യുവാവ് കായലിൽ ചാടിയിരുന്നില്ല. പാലത്തിൽ ബാഗ് ഉപേക്ഷിച്ച ശേഷം ഈ ഭാഗത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസുകാരനോട് ഒരാൾ പാലത്തിൽ നിന്നും കായലിലേക്ക് ചാടിയെന്ന് പറഞ്ഞ് യുവാവ് സ്ഥലം വിടുകയായിരുന്നു.
പോലീസുകാരനാകട്ടെ പാലത്തിൽ ചെന്ന് നോക്കിയപ്പോൾ ബാഗു കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോൾ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചു. എന്നാൽ പാലത്തിൽ നിന്നും കായലിലേക്ക് ഒരാൾ ചാടിയെന്ന് പറഞ്ഞ യുവാവിന്റെതാണ് ബാഗിൽ നിന്നും കണ്ടെടുത്ത ഡ്രൈവിംഗ് ലൈസൻസ് എന്ന് പോലീസുകാരനു തിരിച്ചറിയാൻ കഴിയാതെ പോയി. ഇയാൾ ഉടൻ തന്നെ വയർലെസ് സെറ്റിലൂടെ സന്ദേശ കൈമാറിയതോടെയാണ് തെരച്ചിലിനായി സന്നാഹങ്ങൾ എത്തിയത്.
എറണാകുളത്ത് ഡ്രൈവറാണ് ഈ യുവാവ്. വായ്പയെടുത്ത് വാങ്ങിയ മോട്ടോർ ബൈക്ക് കുടിശിക വരുത്തിയതിനാൽ ഫൈനാൻസുകാർ കൊണ്ടുപോയ മനോവിഷമത്തിലായിരുന്നു യുവാവ് ഈ പരാക്രമം കാട്ടിയതെന്ന് പോലീസ് പറയുന്നു. കായലിൽ ചാടി ആത്മഹത്യചെയ്യാൻ ഒരുങ്ങിയതാണെങ്കിലും പിന്നീട് പിന്തിരിയുകയായിരുന്നത്രേ.