കോട്ടയം: കടുത്തുരുത്തിയില് സൈബര് ആക്രമണത്തില് മനംനൊന്ത് ജീവനൊടുക്കിയ ആതിര പ്രതിയില് നിന്ന് നിരന്തര ശല്യം നേരിട്ടെന്ന് കുടുംബം. പോലീസില് പരാതി നല്കിയ ശേഷവും പ്രതി പെണ്കുട്ടിയെ പിന്തുടര്ന്നെന്ന് സഹോദരീഭര്ത്താവ് ആശിഷ് ദാസ് ഐഎഎസ് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ഉച്ചമുതലാണ് പെണ്കുട്ടിക്ക് നേരെ സൈബര് ആക്രമണം ഉണ്ടായത്. ആതിരയുടെ ചിത്രങ്ങള് ഉള്പ്പെടെ സാമൂഹ്യമാധ്യമങ്ങളില് പോസ്റ്റ് ചെയ്ത അരുണ്, യുവതിക്കെതിരെ നിരന്തരം അധിക്ഷേപങ്ങള് ചൊരിഞ്ഞിരുന്നു.
പോലീസില് പരാതി നല്കിയെങ്കിലും പ്രതിയെ കണ്ടെത്തിയിരുന്നില്ല. ഒളിവിലിരുന്നുകൊണ്ട് ഇയാള് ഓണ്ലൈനിലൂടെ അധിക്ഷേപം തുടര്ന്നെന്നും ആശിഷ് പറഞ്ഞു.
ആതിരയ്ക്ക് തങ്ങള് എല്ലാ പിന്തുണയും നല്കിയിരുന്നു. പെണ്കുട്ടിയുടെ വിവാഹം നടക്കാനിരുന്ന വീട്ടിലാണ് മരണപന്തല് ഉയര്ന്നത്. ഇനി ഒരു പെണ്കുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും ആശിഷ് മാധ്യമങ്ങളോട് പറഞ്ഞു.
മണിപ്പൂരിലെ സബ് കളക്ടറായ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന് ആശിഷ് ദാസിന്റെ ഭാര്യാ സഹോദരിയാണ് മരിച്ച ആതിര. ഫയര്മാനായി ജോലി ചെയ്യുന്നതിനിടെ ഐഎഎസ് നേടി, ദേശീയ ശ്രദ്ധ ആകർഷിച്ച ആളാണ് ആശിഷ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച ആശിഷ് ഫേസ്ബുക്കില് വൈകാരിക കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.
സൈബര് ആക്രമണത്തിലൂടെയുള്ള കൊലപാതകമാണ് തന്റെ സഹോദരിയുടേത് എന്നാണ് ആശിഷ് കുറിച്ചത്.ഞായറാഴ്ച രാവിലെയാണ് യുവതിയെ വീട്ടിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയത്.
മുന് സുഹൃത്തായ അരുണ് വിദ്യാധരന് തന്നെ സൈബര് അധിക്ഷേപത്തിന് ഇരയാക്കുന്നതായി യുവതി ശനിയാഴ്ച പോലീസിന് പരാതി നല്കിയിരുന്നു. അരുണിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പോലീസ് കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്.