ദുബായ്: അല്‍ ഐയ്‌നില്‍ മൊറാക്കന്‍ സ്വദേശിനി കാമുകനെ കൊന്ന് ബിരിയാണി വച്ച കഥയുടെ ചുരുളഴിയുന്നു. യുവാവ് ബന്ധുവായ മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ തയാറെടുത്തതാണ് ഇവരെ പ്രകോപിപ്പിച്ചത് എന്നാണ് കോടതിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. മൊറോക്കോയില്‍ തന്നെയുള്ള മറ്റൊരു യുവതിയുമായാണ് ഈ വിവാഹം നടത്താന്‍ ഉദ്ദേശിച്ചിരുന്നതെന്നും അല്‍ ഐയ്ന്‍ പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കൊല്ലപ്പെട്ട യുവാവും മൊറോക്കന്‍ സ്വദേശിയാണ്.
കാമുകനെ കൊന്നശേഷം ശരീരഭാഗങ്ങള്‍ ഓരോന്നായി ബ്ലെന്‍ഡറിലിട്ട് അടിച്ച് ബിരിയാണിയുടെ ഇറച്ചി പരുവമാക്കുകയായിരുന്നു. അതിനുശേഷം ഇവര്‍ ഇത് ബിരിയാണിയാക്കിയശേഷം വീടിനു സമീപം ജോലി ചെയ്യുന്നവര്‍ക്ക് വിളമ്പുകയായിരുന്നു. ഭക്ഷണം കഴിച്ച പാകിസ്ഥാനികളായ വീട്ടുജോലിക്കാരും ഇവരുടെ ക്രൂരതയുടെ ഇരയായി. ബാക്കിയുള്ളവ സമീപത്തെ നായ്ക്കള്‍ക്ക് നല്‍കി. കാമുകന്റെ അജ്മാനിലുള്ള സഹോദരന്‍ അന്വേഷിച്ചു വന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
മൂന്നു മാസം മുന്‍പ് കാമുകന്‍ പിണങ്ങിപ്പോയെന്നും പിന്നെ യാതൊരു വിവരവുമില്ലെന്നായിരുന്നു യുവതി ആദ്യം പറഞ്ഞത്. മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടതോടെ ഇരുവരും താമസിച്ചിരുന്ന ക്വാര്‍ട്ടഴ്‌സില്‍ നിന്നു ഇയാളെ പുറത്താക്കിയെന്നും കാമുകി പറഞ്ഞു. എന്നാല്‍, സംശയം തോന്നിയതിനെത്തുടര്‍ന്നു വിശദമായ അന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു. യുവതിയുടെ വീട്ടിലെ ബ്ലെന്‍ഡറില്‍ നിന്നും കാമുകന്റെ ഒരു പല്ല് കണ്ടെത്തിയതോടെയാണു ക്രൂരകൊലപാതകത്തിന്റെ ചുരുളഴിയുന്നത്. പല്ല് ഡിഎന്‍എ ടെസ്റ്റിലൂടെ കാമുകന്റേതെന്നു തന്നെ സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
കൃത്യം നടത്തി മാസങ്ങള്‍ക്ക് ശേഷമാണ് യുവതിയെ പിടികൂടിയതെന്ന് അല്‍ ഐയ്ന്‍ പ്രോസിക്യൂഷന്‍ അധികൃതര്‍ സൂചിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ പൊലീസ് വിസമ്മതിച്ചു. തെളിവുകള്‍ നിരത്തി പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ യുവതി തലകറങ്ങി വീണു. തുടര്‍ന്ന് കൊല നടത്തിയ കാര്യം സമ്മതിക്കുകയും കാമുകനോട് പ്രതികാരം ചെയ്യുകയായിരുന്നുവെന്നും സമ്മതിച്ചു. യുവതിയുടെ മനോനില പരിശോധിക്കുന്നതിനായി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറേ വര്‍ഷമായി യുവാവിനെ സാമ്പത്തികമായി യുവതി സഹായിച്ചിരുന്നു. എന്നാല്‍ ചതിക്കപ്പെടുകയാണെന്നു മനസിലാക്കിയതോടെ പ്രതികാര നടപടിയിലേക്ക് നീങ്ങുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.