മുക്കം: നാല് ദിവസങ്ങളിലായി നടന്ന പന്നിക്കോട് ഉച്ചക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉച്ചാരൽ മഹോത്സവം സമാപിച്ചപ്പോൾ താരമായി മാറിയത് ഒരു പറ്റം യുവാക്കൾ.
4 ദിവസങ്ങളിലും ആയിരക്കണക്കിന് ആളുകൾക്ക് രാവിലെയും ഉച്ചക്കും രാത്രിയുമെല്ലാം വിഭവസമൃദ്ധമായ ഭക്ഷണം നൽകിയപ്പോൾ ചുവന്ന മുണ്ടും കറുത്ത ഷർട്ടും ധരിച്ചെത്തിയ 40ഓളം ചെറുപ്പക്കാരുടെ സേവനമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
ഭക്ഷണ ഹാളിന് പുറമെ വരവാഘോഷങ്ങളിലും ഗതാഗത നിയന്ത്രണത്തിനുമെല്ലാം ഇവരുടെ വലിയ സാനിധ്യം ഏറെ സഹായകരമായി. 4 ദിവസങ്ങളിലും മാതൃകാ പ്രവർത്തനം നടത്തിയ ഈ കൂട്ടായ്മക്ക് നാട്ടുകാരുടെ കയ്യടിയും നേടാനായി.
ഭിന്നിപ്പിൻ്റെ ഈ പുതിയ കാലത്ത് ചേർത്ത് പിടിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നതായിരുന്നു ഇവരുടെ പ്രവർത്തനമെന്നതും ശ്രദ്ധേയമാണ്.
സാംസ്കാരിക സമ്മേളനം കെ.ആർ ഭാസ്കര പിള്ള ഉദ്ഘാടനം ചെയ്തു. പി.എം.എ സലാം മുസ്ലിയാർ മാന്നാർ മുഖ്യാതിഥിയായി. വിവിധ മേഖലകളിൽ പ്രശസ്തരായവരെ ചടങ്ങിൽ ആദരിച്ചു .
രമേശ് പണിക്കർ, ഇ.അശോകൻ, ഗോപാലൻ തുടങ്ങിയവർ നേതൃത്വം നൽകി. അരവിന്ദൻ തുമ്പോണ മുഖ്യ പ്രഭാഷണം നടത്തി. സമാപന ദിവസമായ ഇന്നലെ ഗണപതിഹോമം, ഭജന, ശ്രീഭൂതബലി, തൃക്കളയൂർ മഹാദേവ ക്ഷേത്ര സന്നിധിയിലേക്ക് താലപ്പൊലി എഴുന്നള്ളത്ത് പുറപ്പാട്, തൃക്കളയൂർ മഹാദേവ ക്ഷേത്രസന്നിധിയിൽ നിന്നും താളമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെയുള്ള താലപ്പൊലി വരവ്, സംഗീത സുധ, തായമ്പക എന്നിവ നടന്നു.
കോഴിക്കോട് ദൃശ്യകല അവതരിപ്പിച്ച മോഹനൻ നക്ഷത്രയുടെ ചെമ്പരുന്ത് നാടകവും അരങ്ങേറി.