തങ്ങളുടെ മകള് ഒരു സാധാരണ പെണ്കുട്ടിയല്ലെന്ന സത്യം അവള്ക്ക് മൂന്നു വയസുള്ളപ്പോള് തന്നെ മാതാപിതാക്കള് മനസ്സിലാക്കിയിരുന്നു. കാര്ട്ടൂണ് കണ്ടും കുട്ടുകാരുടെ കൂടെ കളിച്ചും നടക്കേണ്ട പ്രായത്തില് വിവിധ രാജ്യങ്ങളുടെ തലസ്ഥാന നഗരങ്ങളുടെ പേരുകള് മകള് അനായാസം ഓര്ത്തുപറയുന്നതു കേട്ട മാതാപിതാക്കള്ക്ക് അതൊരു വെളിപാടായിരുന്നു.
പിന്നീടു കണ്ണടച്ചുതുറക്കുന്ന വേഗത്തില് കാശിഭട്ട സംഹിത എന്ന പെണ്കുട്ടി ഉയരങ്ങള് ഓടിക്കയറി ഉന്നതങ്ങളിലെത്തി. ഇപ്പോള് തെലങ്കാന സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ എന്ജിനീയര് എന്ന നേട്ടത്തിലെത്തി നില്ക്കുന്നു.
സംഹിത പത്താംക്ലാസ് വിജയിക്കുന്നതു പത്താം വയസ്സില്. വെറും വിജയമായിരുന്നില്ല. 8.8 ആയിരുന്നു സ്കോര്. ഏറ്റവും മികച്ചവര് സ്വന്തമാക്കുന്ന മാര്ക്ക് ശതമാനം. ഇന്റര്മീഡിയറ്റിനു ലഭിച്ചതാകട്ടെ 89 ശതമാനം മാര്ക്ക്.
എഞ്ചിനീയറിംഗ് ബിരുദത്തിനു ചേരാനുള്ള പ്രായമില്ലായിരുന്നതിനാല് സംഹിത സംസ്ഥാന സര്ക്കാരിനെ തന്നെ സമീപിച്ചു. പ്രായത്തില് ഇളവു വേണമെന്ന സംഹിതയുടെ അഭ്യര്ഥന സര്ക്കാര് അനുഭാവപൂര്വം പരിഗണിച്ചു.അസാധാരണ കഴിവുകളും പ്രതിഭയുമുള്ള കുട്ടിക്ക് പ്രായത്തില് ഇളവു നല്കാന് സര്ക്കാര് തയാറായി.
അങ്ങനെ ഇലക്ട്രിക്കല് ആന്ഡ് ഇലക്ട്രോണിക്സ് എന്ജിനീയറിംഗില് ബിരുദത്തിനു ചേര്ന്നു. പ്രായത്തില് ഏറെ മുതിര്ന്നവരായിരുന്നു സംഹിതയുടെ ക്ലാസില്. സഹപാഠികളുടെ കുഞ്ഞനുജത്തി ആകാനുള്ള പ്രായമേ ആയിട്ടുള്ളൂ.
പക്ഷേ, പഠിക്കുന്നതിലും മാര്ക്ക് വാങ്ങുന്നതിലും ആരുടെയും പിന്നിലായില്ല സംഹിത. ദൃഡനിശ്ചയത്തോടുകൂടി തന്നെ പഠിച്ചു. പ്രായം വെറുമൊരു അക്കം മാത്രമാണെന്നും അസാധ്യമായി ഒന്നുമില്ലെന്നും തെളിയിച്ചു. എന്ജിനീയറിങ് ബിരുദ കോഴ്സിലും 8.85 സ്കോറില് സംഹിത സ്വന്തമാക്കിയത് അദ്ഭുതവിജയം.
അഞ്ചും പത്തും വയസ്സു മുതിര്ന്ന സഹപാഠികള് കഷ്ടിച്ചു ജയിച്ചുകയറാന് പാടുപെട്ടപ്പോഴായിരുന്നു സംഹിത ഈ നേട്ടം സ്വന്തമാക്കിയത്. 16-ാം വയസ്സില് തെലങ്കാനയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ എന്ജിനീയര് എന്ന അസുലഭ നേട്ടവും സംഹിത കൈവരിച്ചു.
ബിരുദം സ്വന്തമാക്കിയതുകൊണ്ടുമാത്രം അവസാനിക്കുന്നില്ല സംഹിതയുടെ യാത്ര. ഊര്ജ്ജ മേഖലയില് ജോലി ചെയ്യണമെന്നാണ് ആഗ്രഹം. രാജ്യത്തിനുവേണ്ടി തന്റെ കഴിവുകള് വിനിയോഗിക്കുകയാണ് ലക്ഷ്യം.
ഊര്ജമേഖലയില് ലോകത്തെ വികസിത രാജ്യങ്ങള്ക്കൊപ്പം ഇന്ത്യയെ എത്തിക്കുക. അതിനുവേണ്ടിയുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ് സംഹിതയുടെ അടുത്ത പടി. 16 വയസ്സിനുള്ളില് അവിശ്വസനീയ നേട്ടങ്ങള് സ്വന്തമാക്കിയ പെണ്കുട്ടിയെ പ്രതീക്ഷയോടെയാണു സംസ്ഥാനം ഉറ്റുനോക്കുന്നത്. മാറ്റങ്ങള് കൊണ്ടുവരാന് സംഹിതയ്ക്കു കഴിയുമെന്നു തന്നെയാണ് ആളുകള് വിശ്വസിക്കുന്നത്.